ന്യൂഡല്‍ഹി : കോവിഡ് മഹാമാരിയ്ക്കിടെ ചൈന ഇന്ത്യയുടെ അതിര്‍ത്തി കയ്യേറിയതുമായി ബന്ധപ്പെട്ട് തര്‍ക്കം കൂടുതല്‍ രൂക്ഷമായതിനിടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈനിക വാഹനങ്ങള്‍ എത്തിച്ച് ഇന്ത്യയും ചൈനയും. പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയാറെടുപ്പുകളാണ് കിഴക്കന്‍ ലഡാക്കില്‍ നടത്തുന്നത്. ഇരുരാജ്യങ്ങളും ഇവിടെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ അകപ്പെട്ടിട്ട് 25 വര്‍ഷത്തിനു മുകളിലായിയെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.
സൈനിക, നയതന്ത്ര തലത്തില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് സൈനിക നടപടിയിലേക്ക് ഇരുസേനകളും നീങ്ങുന്നത്. പീരങ്കികളും ഇന്‍ഫന്‍ട്രി കോംപാക്ട് വാഹനങ്ങളും മറ്റു വലിയ സൈനിക ഉപകരണങ്ങളും യഥാര്‍ഥ നിയന്ത്രണരേഖയ്ക്കു സമീപം വളരെ വേഗത്തിലാണ് ചൈന എത്തിക്കുന്നതെന്ന് അനുബന്ധവൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യവും അധിക സേനയെ ഇവിടേക്ക് അയച്ചിട്ടുണ്ട്. ചൈനയുടെ സേനാവിന്യാസത്തിനു കിടപിടിക്കുന്നതിനു തുല്യമായ സന്നാഹങ്ങള്‍ ഇന്ത്യയും നടത്തുന്നത്. പാംഗോങ്ങില്‍ പൂര്‍വസ്ഥിതി വരുത്തുന്നതുവരെ ഇന്ത്യ യാതൊരു വിട്ടുവീഴചയ്ക്കും തയാറല്ലെന്നാണു വിലയിരുത്തല്‍. പ്രശ്‌നമേഖലയില്‍ ശക്തമായ വ്യോമനിരീക്ഷണമാണ് ഇന്ത്യന്‍ സേന നടത്തുന്നത്. ചൈനീസ് സേന എത്രയും പെട്ടെന്ന് മേഖലയില്‍നിന്ന് പിന്മാറണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments