അഞ്ചൽ: കൊല്ലം അഞ്ചലിൽ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ഒന്നരവയസുള്ള കുഞ്ഞ് ഭാര്യ ഉത്രയ്ക്കൊപ്പം ഉറങ്ങുമ്പോഴാണ് കൊടും വിഷമുള്ള മൂർഖനെ സൂരജ് ഉത്രയുടെ ദേഹത്തേക്ക് ഇടുന്നത്. കേസിൽ നടുക്കുന്ന മൊഴിയാണ് ഇപ്പോൾ പുറത്തുവരുന്നത്.
അതേസമയം, സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലും, ആൾകൂട്ടം കൂടുന്നത് ഒഴിവാക്കാനും രാവിലെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.
തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും പറഞ്ഞു. ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പൊലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെടുത്തത്.
അഞ്ചൽ ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25)യെ കുടുംബ വീട്ടിലെ മുറിയിൽ മേയ് ഏഴിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകളെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്നു കാണിച്ച് ഉത്രയുടെ മാതാപിതാക്കൾ അഞ്ചൽ സിഐക്ക് പരാതി നൽകി. പിന്നീട് എസ്പി ഹരിശങ്കറിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോകൻ കേസ് ഏറ്റെടുക്കുകയായിരുന്നു.
മേയ് ആറിനു രാത്രി വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയിരുന്നെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. സൂരജിന്റെ വീട്ടുകാർ സാമ്പത്തിക ഇടപാടിന്റെ പേരിൽ ഉത്രയെ പീഡിപ്പിക്കുന്നതായും പലപ്പോഴായി പണം ആവശ്യപ്പെട്ടതായും പിതാവ് നൽകിയ പരാതിയിലുണ്ടായിരുന്നു. പാമ്പിനെ പിടികൂടി കൈകാര്യം ചെയ്യുന്നതിൽ സൂരജിന് അറിവുണ്ടായിരുന്നുവെന്ന മൊഴി കൂടിയായതോടെ ക്രൈംബ്രാഞ്ചിന് പിടിവള്ളി കിട്ടി. ഉത്രയുടെ പിതാവ് നൽകിയ പരാതിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അതിൽ പറഞ്ഞ സാമ്പത്തിക ഇടപാടുകൾ സത്യമാണെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി.
മാർച്ച് 2നു സൂരജിന്റെ വീട്ടിൽവച്ച് ഉത്രയ്ക്കു പാമ്പ് കടിയേറ്റിരുന്നു. അതിന്റെ ചികിത്സ തുടരുന്നതിന് ഇടയ്ക്കാണു മേയ് 7നു സ്വന്തം വീട്ടിൽവച്ചു വീണ്ടും പാമ്പ് കടിയേൽക്കുന്നത്. രണ്ടു തവണയും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. അതിനിടെ ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ നൽകിയ പരാതിയിലുണ്ടായിരുന്നു. 90 പവനോളമാണ് ഇത്തരത്തിൽ കാണാതായത്.
Post Your Comments