അഞ്ചൽ: ഭാര്യയെ കരിമൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലും, ആൾകൂട്ടം കൂടുന്നത് ഒഴിവാക്കാനും രാവിലെയാണ് സൂരജിനെ ഉത്രയുടെ വീട്ടിൽ എത്തിച്ചത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് പാത്രം കണ്ടെടുത്തു. സ്ഥലത്ത് ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി.
തെളിവെടുപ്പിനിടെ വൈകാരിക രംഗങ്ങളാണ് ഉത്രയുടെ വീട്ടില്‍ ഉണ്ടായത്. എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നതെന്ന് ഉത്രയുടെ അച്ഛനും അമ്മയും കരഞ്ഞ് കൊണ്ട് സൂരജിനോട് ചോദിച്ചു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും പറഞ്ഞു. ഉത്രയുടെ മുറിയും പരിസരവും പരിശോധിച്ച പൊലീസ് പാമ്പിനെ കൊണ്ടുവന്ന പാത്രം കണ്ടെത്തി. സമീപത്തെ ആളൊഴിഞ്ഞ വീട്ടിന്റെ പരിസരത്ത് നിന്നാണ് പാമ്പിനെ കൊണ്ട് വന്ന ജാർ കണ്ടെടുത്തത്.
അതേസമയവും, അറസ്റ്റിലായ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്ത പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കരിമൂർഖനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുവെന്നാണ് സൂരജ് മൊഴി നൽകിയത്. ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്‍റെ ലക്ഷ്യം. ഉത്ര മരിച്ച ദിവസം തന്നെ വീട്ടുകാര്‍ ഉത്രക്ക് നല്‍കിയ 110 പവനില്‍ നിന്ന് 92 പവൻ ലോക്കറില്‍ നിന്ന് സൂരജ് എടുത്തിരുന്നു. തീര്‍ത്തും സ്വാഭാവികമായുള്ള മരണമെന്ന് വരുത്തിത്തീര്‍ക്കാനാണ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. ഉത്രയെ പാമ്പ് കടിക്കുന്നത് നോക്കി നിന്നുവെന്നും മരണം ഉറപ്പാക്കിയ ശേഷം കട്ടിലിൽ ഉറങ്ങാതെ ഇരുന്നുവെന്നും ഇയാൾ മൊഴി നൽകി.
ALSO READ: കോവിഡ് ആഗോള മരണ സംഖ്യ 3,46,000 കടന്നു; ഞെട്ടിക്കുന്ന പുതിയ കണക്കുകൾ പുറത്ത്
വലിയ ബാഗിലാക്കിയാണ് സൂരജ് കരിമൂര്‍ഖനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഉറങ്ങി കിടന്ന രാത്രി ഉത്രയുടെ മുകളിൽ പാമ്പിനെ കുടഞ്ഞിട്ടുവെന്നും രണ്ട് പ്രാവശ്യം പാമ്പ് ഉത്രയെ കൊത്തിയെന്നും സൂരജ് മൊഴി നല്‍കി. രാവിലെ എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments