
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ മുമ്പിലെന്ന് പല മുഖ്യ മന്ത്രിമാരും വീമ്പു പറയുമ്പോൾ ഇതുവരെ ഒരു കോവിഡ് രോഗി പോലുമില്ലാതെ സിക്കിം സംസ്ഥാനം വാർത്തകളിൽ നിറയുകയാണ്. രാജ്യമെങ്ങും കോവിഡ് വൻ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സിക്കിമിന് ഇത് വൻ നേട്ടമാണ്. ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ഏക സംസ്ഥാനമാണ് സിക്കിം.
മാർച്ച് 5 മുതൽ മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ച കർശന നടപടികളാണ് സിക്കിമിനെ സംരക്ഷിക്കുന്നത്. വിനോദസഞ്ചാരത്തിനായി വലിയകൂട്ടം എത്തുന്ന സ്ഥലമായിട്ട് പോലും സിക്കിം കോവിഡിനെ അതിർത്തി കടക്കാൻ അനുവദിച്ചില്ല.
റെയിൽവേ സ്റ്റേഷനില്ലാത്ത സംസ്ഥാനമാണ്. ആദ്യ വിമാനത്താവളമാകട്ടെ 2018ലാണ് ഉദ്ഘാടനം ചെയ്തതും. ബംഗാളിലേക്കുള്ള ഏക റോഡ് എന്നത് ദേശീയപാത 10 ആണ്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഇതൊക്കെ വലിയ ഘടകമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒപ്പം മുഖ്യമന്ത്രിയുടെ മിടുക്കും. 2011ലെ സെൻസസ് അനുസരിച്ച് 6.10 ലക്ഷം ആണ് സിക്കിമിലെ ജനസംഖ്യ. ഇന്ത്യയിൽ ബംഗാളിനോടു മാത്രമേ സംസ്ഥാനത്തിന് അതിർത്തിയുള്ളൂ.
സിക്കിമിന്റെ സൗന്ദര്യം ആസ്വദിക്കാൻ വർഷാവർഷം 1.2– 1.4 ദശലക്ഷം വരെ വിനോദസഞ്ചാരികളാണ് എത്തുക. ഫെബ്രുവരിയും മാർച്ചുമാണ് സീസൺ. ടിബറ്റുമായി നാഥു ലായിൽ വ്യാപാര ചെക്ക് പോസ്റ്റ് ഉണ്ട്. ഇന്ത്യയിൽനിന്ന് ദിവസേനെ 20 ട്രക്കുകൾ കയറ്റുമതി ചരക്കുമായി അതിർത്തി കടക്കും. അരി, ധാന്യപ്പൊടികൾ, സുഗന്ധവ്യഞ്ജനം, തേയില, പാലുൽപ്പന്നങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയാണ് ഇങ്ങനെ ഇന്ത്യയിൽനിന്നു ടിബറ്റിലേക്ക് കയറ്റുമതി ചെയ്യുന്നത്.
വിനോദസഞ്ചാരികളുടെ വരവു തടഞ്ഞതും നാഥുലയിൽ സന്ദർശനം താൽക്കാലികമായി നിർത്തിയതും വിദേശ സഞ്ചാരികൾക്ക് ഇന്നർലൈൻ പെർമിറ്റ് നൽകുന്നത് ഒഴിവാക്കിയതും ഗുണകരമായി.
Post Your Comments