ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനു സംസ്‌ഥാനങ്ങള്‍ക്ക് 3100 കോടി രൂപ അനുവദിച്ചു കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമേഖഖലയിലെ അടിസ്‌ഥാനസൗകര്യ വികസനത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഉന്നമനത്തിനും പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്കുമായി പി.എം. കെയര്‍ ഫണ്ടില്‍നിന്നാണ് തുക അനുവദിച്ചത്. സംസ്‌ഥാന സര്‍ക്കാരുകള്‍ എല്ലാ ജില്ലാ കലക്‌ടര്‍മാര്‍ക്കും മുനിസിപ്പല്‍ കമ്മിഷണര്‍മാര്‍ക്കും ഈ തുക വിതരണം ചെയ്യണം. 2011 ലെ സെന്‍സസ് അടിസ്‌ഥാനത്തിലുള്ള ജനസംഖ്യയുടെയും കോവിഡ് -19 ബാധിതരുടെ എണ്ണത്തിന്റെയും അടിസ്‌ഥാനത്തിലായിരിക്കും ഓരോ സംസ്‌ഥാനത്തിനും 1000 കോടി രൂപ വീതിച്ചുനല്‍കുക.
ഫണ്ട് ജില്ലാ കലക്‌ടര്‍/ ജില്ലാ മജിസ്‌ട്രേറ്റ്/മുനിസിപ്പല്‍ കമ്മിഷണര്‍ എന്നിവര്‍ക്കു സംസ്‌ഥാന ദുരന്ത നിവാരണ കമ്മിഷണര്‍ മുഖേനയാണ് വിതരണം ചെയ്യേണ്ടത്.രണ്ടായിരം കോടി രൂപ വെന്റിലേറ്ററുകള്‍ വാങ്ങാനാണ്. ഏകദേശം 50,000 വെന്റിലേറ്ററുകള്‍ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിച്ച വെന്റിലേറ്ററുകളാണ് വാങ്ങുക. ഇത് എല്ലാ സംസ്‌ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സര്‍ക്കാര്‍ കോവിഡ് ആശുപത്രികള്‍ക്കു നല്‍കും.കുടിയേറ്റ തൊഴിലാളികളുടെയും ദരിദ്രരുടെയും ക്ഷേമത്തിന് 1000 കോടി രൂപ ഫണ്ടില്‍നിന്നു മാറ്റിവയ്‌ക്കും.
മഹാരാഷ്ട്രയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷം കടന്നു, കേന്ദ്ര സേന ഇറങ്ങുമെന്ന് സൂചന
തൊഴിലാളികള്‍ക്കു താമസസൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഭക്ഷ്യക്രമീകരണം നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തുന്നതിനും ഈ തുക ഉപയോഗിക്കാം. ഇന്ത്യന്‍ അക്കാഡമിയ, സ്‌റ്റാര്‍ട്ട്-അപ്പുകള്‍, വ്യവസായമേഖല എന്നിവ ചേര്‍ന്നു നടത്തുന്ന കോവിഡ് വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാക്‌സിന്‍ ഡിസൈനര്‍മാരെയും ഡെവലപ്പര്‍മാരെയും സഹായിക്കാനാണ് 100 കോടി രൂപ നല്‍കുന്നത്.
ഇതു മുഖ്യ ശാസ്‌ത്ര ഉപദേഷ്‌ടാവിന്റെ മേല്‍നോട്ടത്തില്‍ വിനിയോഗിക്കണം.കോവിഡിന്റെ പശ്‌ചാത്തലത്തില്‍ രൂപീകരിച്ചതാണ് പി.എം. കെയേഴ്‌സ് ഫണ്ട് ട്രസ്‌റ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ട്രസ്‌റ്റില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും അംഗങ്ങളാണ്.
Post Your Comments