കുവൈറ്റ് സിറ്റി : പ്രവാസികളുമായി കുവൈറ്റിൽ നിന്നുള്ള ആദ്യ വിമാനം കേരളത്തിലേക്ക് പുറപ്പെട്ടു . 177 യാത്രക്കാരുമായി കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിശ്ചിത സമയത്തിൽനിന്ന് 30 മിനിറ്റ് വൈകി 2.30നായിരുന്നു യാത്ര തിരിച്ചത്. ലോക്ഡൗണിലുള്ള ജലീബ് ഷുയൂഖ് മേഖലയിൽനിന്നുള്ള യാത്രക്കാർ വിമാനത്താവളത്തിൽ എത്താൻ താമസിച്ചതിനാലാണ് വിമാനം പുറപ്പെടാൻ വൈകിയത്. ഗർഭിണികൾ, രോഗികൾ, വീസാ കാലാവധി തീർന്നവർ തുടങ്ങിയവരാണ് കൂടുതലും വിമാനത്തിൽ ഉള്ളത്.
നാളെ മുതൽ കർഫ്യു സമയം ദീർഘിക്കുമെന്നതിനാൽ അവശ്യസാധനങ്ങൾ ശേഖരിക്കുന്നതിന് ഇറങ്ങിയവരുടെ തിരക്ക് ഗതാഗതക്കുരുക്കിന് കാരണമായി.ലോക്ഡൗൺ നിലവിലുള്ള അബ്ബാസിയ, മഹ്‌ബൂല എന്നിവിടങ്ങളിൽ നിന്നുള്ളവരെ ഇന്ത്യൻ എംബസിയുടെ വാഹനങ്ങളിലാണ് വിമാനത്തവാളത്തിൽ എത്തിച്ചത്.
കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങി പോയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് മിഷൻ പ്രകാരം രണ്ടുവിമാനങ്ങളാണ് ഇന്ന് ഇവിടെ നിന്ന് ഇന്ത്യയിലേക്കുള്ളത്. ഹൈദരബാദിലേക്കാണ് രണ്ടാം വിമാനം. ഇന്നലെ എയർ ഇന്ത്യ ഓഫിസ് അടക്കുന്നതിന് മുൻപ് ടിക്കറ്റ് കരസ്ഥമാക്കിയ നൂറോളം പേർക്ക്പുറമെ എഴുപതോളം ആളുകൾക്ക് വിമാനത്താവളത്തിലാണ് ടിക്കറ്റ് നൽകിയത്. കേരളത്തിലേക്ക് ഇന്ന് ആകെ മൂന്ന് വിമാനങ്ങൾ. മസ്‌ക്കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് മറ്റു രണ്ടു വിമാനങ്ങൾ എത്തുക
Post Your Comments