
അബുദാബി • കോവിഡ് പ്രതിസന്ധി മൂലം വിദേശങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ‘വന്ദേഭാരത് ‘ ദൗത്യത്തിന്റെ ഭാഗമായുള്ള രണ്ട് വിമാനങ്ങള്‍ യു.എ.ഇയില്‍ നിന്ന് കേരളത്തിലേക്ക് പുറപ്പെട്ടു. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ആദ്യം പുറപ്പെട്ടത്. വിമാനം ഇന്ത്യന്‍ സമയം രാത്രി 9.50 ഓടെ നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പ്രവാസികളുമായുള്ള രണ്ടാം വിമാനം അല്‍പസമയം മുന്‍പ് ദുബായില്‍ നിന്നും പുറപ്പെട്ടു. കരിപ്പൂരിലേക്കാണ് ഈ വിമാനം എത്തുക.
177 പേര്‍ വീതമാണ് ഇരു വിമാനങ്ങളിലും ഉള്ളത്. രണ്ട് വിമാനങ്ങളിലും യാത്രക്കര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ ആര്‍ക്കെങ്കിലും സുഖമില്ലാതെയായാല്‍ ഐസോലേഷന്‍ ഉള്‍പ്പടെ ഉറപ്പാക്കുന്നതിന് പിന്നിലെ ഒരു വരി സീറ്റ് ഒഴിച്ചിട്ടാണ് യാത്ര.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശോധനാ സംവിധാനങ്ങളാണ് വിമാനത്താവളങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.
പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികൾ കേരളത്തിലെത്തുമ്പോൾ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റൈനിൽ കഴിയണം. നേരത്തെയുള്ള ഉത്തരവിൽ ഭാഗിക മാറ്റങ്ങൾ വരുത്തിയാണ് നോർക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കോവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കോവിഡ് നെഗറ്റീവായവർ ഏഴു ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ വീടുകളിലേക്കയക്കും. തുടർന്നുള്ള ഏഴു ദിവസം ഇവർ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
സർക്കാർ ക്വാറന്റൈനിലേക്ക് മാറ്റുന്നവരെ സ്വന്തം ജില്ലകളിലാണ് താമസിപ്പിക്കുക. ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള താമസം ഒരുക്കുന്നത്. ഇവർക്ക് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള ഗതാഗതസൗകര്യം വിമാനത്താവള ജില്ലകളിലെ കളക്ടർമാർ ഒരുക്കും.
Post Your Comments