ജോധ്‌പുര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കുന്ന തരത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന കേസില്‍, ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്‌ഡയ്‌ക്കെതിരായ എഫ്.ഐ.ആര്‍. ഉള്‍പ്പെടെ എല്ലാ നടപടികളും രാജസ്‌ഥാന്‍ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ജെപി നഡ്‌ഡയ്‌ക്കു പുറമെ ബി.ജെ.പി. ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യക്കുമെതിരേ പരാതി നൽകിയിരുന്നു. ഹനുമാന്‍ഗഡ് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റ് മനോജ് സൈനിയുടെ പരാതിയിലാണു പോലീസ് എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്.
എന്നാല്‍, മാളവ്യയുടെ വ്യക്‌തിപരമായ ട്വിറ്റര്‍ സന്ദേശത്തിന്റെ പേരില്‍, അതുമായി ബന്ധമില്ലാത്ത നഡ്‌ഡയ്‌ക്കെതിരേ കേസെടുത്തത് നിലനില്‍ക്കില്ലെന്ന് നഡ്‌ഡയുടെ അഭിഭാഷകന്‍ ആര്‍.ഡി. രസ്‌തോഗി വാദിച്ചു. ഇത് അംഗീകരിച്ചാണു ജസ്‌റ്റിസ് പുഷ്‌പേന്ദ്ര സിങ് ഭട്ടി കേസിലെ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്‌തത്. അതേസമയം യാതൊരു കാരണവുമില്ലാതെ സോണിയാ ഗാന്ധിക്കെതിരെ വിമര്ശനമുയർത്തുന്നവരെ കേസിൽ കുടുക്കാനാണ് കൊണ്ഗ്രെസ്സ് ശ്രമം എന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസിനെ ഉപയോഗിച്ച് പ്രതികാര നടപടിയാണ് ഇവർ നടത്തുന്നതെന്നും വ്യാപക ആരോപണമുയർന്നിട്ടുണ്ട്. നേരത്തെ സോണിയയെ വിമർശിച്ച റിപ്പബ്ലിക് എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെ മഹാരാഷ്ട്ര പോലീസ് 12 മണിക്കൂറോളം ചോദ്യം ചെയ്തതിലും പ്രതിഷേധം ഉയർന്നിരുന്നു.
Post Your Comments