മുംബൈ: മഹാരാഷട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെ കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന കേസില്‍ അറസ്റ്റിലായ 55കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഇപ്പോള്‍ പാല്‍ഘറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 30 പേര്‍ക്കൊപ്പം വാഡ ജില്ലയിലെ പോലീസ് ലോക്കപ്പിലായിരുന്നു ഇയാള്‍.
ഇതോടെ ഇയാള്‍ക്കൊപ്പം ലോക്കപ്പില്‍ ഉണ്ടായിരുന്ന 30 സഹതടവുകാര്‍ക്ക് കൂടി കൊവിഡ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പാല്‍ഘറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. കാഞ്ചന്‍ വനേര പറഞ്ഞു. ഇയാള്‍ക്കൊപ്പം കഴിഞ്ഞ തടവുകാരെയും 23 പോലീസുകാരെയും ക്വാറന്റീനിലേക്ക് മാറ്റി.
കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. കുട്ടികളെ കടത്തുന്നവരെന്ന് ആരോപിച്ച് രണ്ട് സന്യാസിമാരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നത്. സംഭവുമായി ബന്ധപ്പെട്ട് 115 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 18ന് അറസ്റ്റ് ചെയ്യുന്ന ഘട്ടത്തില്‍ തന്നെ എല്ലാ പ്രതികള്‍ക്കും കൊവിഡ് പരിശോധന നടത്തിയിരുന്നു.
Post Your Comments