മുംബൈ: മഹാരാഷ്‌ട്രയിലെ പല്‍ഘാറില്‍ രണ്ടു സന്യാസിമാരുള്‍പ്പെടെ മൂന്നുപേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം നടത്തണമെന്നു വിശ്വഹിന്ദു പരിഷത്തും വനവാസി കല്യാണ്‍ ആശ്രമും ആവശ്യപ്പെട്ടു. പോലീസ് കസ്‌റ്റഡിയിലായിരുന്ന സന്യാസിമാരെയാണ് ഇരുന്നൂറിലേറെപ്പേര്‍ വരുന്ന സംഘം ആക്രമിച്ചതെന്നും സന്യാസിമാരെ പോലീസ് സംരക്ഷിച്ചില്ലെന്നും വി.എച്ച്.പി. മിലിന്ദ് പരന്ദെ ആരോപിച്ചു. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും സംഘടനകള്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ 16 ന് രാത്രിയായിരുന്നു സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയവരെന്ന അഭ്യൂഹത്തെത്തുടര്‍ന്നായിരുന്നു ആക്രമണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. വരാണസി ആസ്‌ഥാനമായുള്ള പുരാതന ഹൈന്ദവ സന്ന്യാസി സമൂഹമായ ജുന അഘാഖയിലെ കല്‍പവൃക്ഷ ഗിരി(70), സുശീല്‍ഗിരി മഹാരാജ് (30) എന്നിവരാണു കൊല്ലപ്പെട്ടത്.
തങ്ങളുടെ ഗുരു രാം ഗിരി അന്തരിച്ചതിനെത്തുടര്‍ന്നു നാസിക്കില്‍നിന്നു ഗുജറാത്തിലെ സില്‍വാസയിലേക്കു പോവുകയായിരുന്നു ഇരുവരും. നാസിക്കിലെ തൃംബകേശ്വര്‍ ഹനുമാന്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു കല്‍പവൃക്ഷ ഗിരി.
Post Your Comments