മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്തെ ചായക്കടക്കാരന് ഏപ്രില്‍ ആറിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുന്‍കരുതല്‍ നടപടി എന്നോണം വീട്ടില്‍ സുരക്ഷാ ചുമതലയില്‍ ഏര്‍പ്പെട്ടിരുന്ന 130 സുരക്ഷാ ഉദ്യോഗസ്ഥരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിലെ മാതോശ്രീ എന്ന വീട്ടില്‍ സുരക്ഷയ്ക്കായി നിയോഗിച്ച കോണ്‍സ്റ്റബിള്‍മാരില്‍ മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് ഉദ്യോഗസ്ഥര്‍ ചായക്കടയിലെ നിത്യ സന്ദര്‍ശകര്‍ ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.
ചായക്കടക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിഎംസി അധികൃതര്‍ ഉദ്ധവ് താക്കറെയുടെ വീടും പരിസരവും സീല്‍ ചെയ്തിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയില്‍ ഇതുവരെ 342 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 115 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 49 ഉദ്യോഗസ്ഥര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Post Your Comments