ദുബായ്: പ്രവാസി വ്യവസായി ജോയ് അറക്കൽ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സ്ഥിരീകരിച്ച് ദുബായ് പോലീസ്. 23ന് ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14–ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നെന്നും മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി.അബ്ദുല്ല ഖാദിം ബിൻ സുറൂർ അറിയിച്ചു. ബിസിനസ്സ് ബേയിലെ ഓഫിസിൽ ഉച്ചക്ക് 12ന് ഉദ്യോഗസ്ഥരുടെ യോഗം വച്ചിരുന്നെങ്കിലും അതിനു തൊട്ടുമുമ്പായിരുന്നു മരണം. പുതിയ എണ്ണ ശുദ്ധീകരണ കമ്പനിയുടെ പൂർത്തീകരണത്തിലെ കാലതാമസം ജോയിക്കു മനോവിഷമം ഉണ്ടാക്കിയിരുന്നതായി കുടുംബ സുഹൃത്ത് വെളിപ്പെടുത്തി.പെട്രോളിന്റെ വിലയിടവിൽ നേരിയ നഷ്ടമുണ്ടായെങ്കിലും അടുത്തമൂന്നു മാസത്തിനുള്ളിൽ അതിന്റെ നഷ്ടം തീരുമെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ പുതിയ പദ്ധതിയുടെ കാലതാമസം അദ്ദേഹത്തെ തളർത്തിയെന്നും സുഹൃത്ത് പറയുന്നു.
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടക്കുകയാണ്. ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹത്തെ കുടുംബവും അനുഗമിക്കും. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചാലുടൻ മൃതേദഹം കൊഴിക്കോടേക്ക് കൊണ്ടുപോകും. അവിടെ നിന്ന് വയനാട് മാനന്തവാടിയിലെത്തിക്കും.
Post Your Comments