മസ്‌ക്കറ്റ് : ഒമാനിൽ 53 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 599ആയി ഉയർന്നെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് വാർത്തകുറിപ്പിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 53 പേരിൽ 50 പേരും മസ്കത്ത് മേഖലയിൽ നിന്നുള്ളതാണ്. 109 പേർക്കാണ് ആകെ രോഗം ഭേദമായത്. കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി ആരും സുഖം പ്രാപിച്ചിട്ടില്ല. ,മൂന്നു പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. രോഗികളുടെ എണ്ണം ഉയരുന്നതോടെ മലയാളി പ്രവാസികൾ ആശങ്കയിലാണ്. ഒമാനിലെ ബഹുഭൂരിപക്ഷം വരുന്ന മലയാളികളും മസ്കറ്റ് ഗവര്ണറേറ്റിലാണ് താമസിച്ചു വരുന്നത്.
പൊതു സുരക്ഷക്ക് മുൻഗണനയെന്നു ഒമാൻ സായുധ സേനയും റോയൽ ഒമാൻ പോലീസും അറിയിച്ചു കഴിഞ്ഞു. മത്രാ വിലയാത്തിൽ രണ്ടു കോവിഡ് പരിശോധന കേന്ദ്രങ്ങൾ ഇതിനകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മത്രാ വിലായത്തിൽ താമസിച്ചുവരുന്ന എല്ലാ സ്വദേശികളും വിദേശികളും കോവിഡ് 19 പരിശോധനക്ക് വിധേയരാകണമെന്നും, പരിശോധനയും , രോഗം കണ്ടെത്തിയാൽ ചികിത്സയും വിദേശികൾക്ക് സൗജന്യമാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments