മസ്ക്കറ്റ്: അൽ ദഹിറാഹ് ഗവർണറേറ്റിൽ നിന്ന് അയ്യായിരത്തോളം വർഷം പഴക്കമുള്ള പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അൽ ദഹിറാഹ് ഗവർണറേറ്റിലെ, യുനെസ്കോ പട്ടികയിലുൾപ്പെട്ടിട്ടുള്ള, ബാത്തിന് സമീപമുള്ള റഖത് അൽ മദ്‌റഹിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് വെങ്കലയുഗത്തിൽ നിന്നുള്ള ഈ അവശേഷിപ്പുകൾ കണ്ടെത്തിയത്. ബിസി 3200-നും ബിസി 2700-നും ഇടയിൽ പഴക്കമുള്ള കുഴിമാടങ്ങൾ, ഇതേ കാലയളവിൽ നിന്നുള്ള നാല് കെട്ടിടങ്ങളുടെ അവശേഷിപ്പുകൾ തുടങ്ങിയവ ഒരു പ്രാചീന നാഗരികതയിലേക്കാണ് വിരൽചൂണ്ടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയുമായി സംയുക്തമായി നടത്തുന്ന ഉദ്ഘനന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ. നവീനശിലായുഗത്തിൽ നിന്നുള്ള ഒരു അമ്പിൻമുന, ഉം അൽ നാർ കാലഘട്ടത്തിൽ നിന്നുള്ള ചുവന്ന വൈഡൂര്യത്തിൽ തീർത്ത രക്ഷാകവചം, മൺപാത്രങ്ങൾ, പ്രാചീന ഇസ്ലാമിക കാലഘട്ടത്തിൽ നിന്നുള്ള ഇരുമ്പ് ആയുധങ്ങളുടെ ശകലം, ഇൻഡസ് വാലിയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കരുതുന്ന ഒരു മൺപാത്രം തുടങ്ങിയവയും ഈ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments