കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ കുവൈത്തില്‍ ജയിലിലായിരുന്ന പൗരന്മാരെ നാടു കടത്തി. 300 ഫിലിപ്പീന്‍സ് പൗരന്മാരെയാണ് നാടുകടത്തിയത്. തല്‍ഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 151 ഫിലിപ്പീനി വനിതകളെയും 16 പുരുഷന്മാരെയുമാണ് നാടുകടത്തിയത്.
ബുധനാഴ്ച ഉച്ചക്ക് 1.30നാണ് കുവൈത്ത് എയര്‍വേസ് ടെര്‍മിനലില്‍ നിന്നാണ് ഇവര്‍ വിമാനം കയറിയത്.ഒളിച്ചോടിയ 41 ഗാര്‍ഹികത്തൊഴിലാളികളെയും മാന്‍പവര്‍ അതോറിറ്റിക്കു മുന്നില്‍ കീഴടങ്ങിയ 91 അനധികൃത താമസക്കാരെയും ഇതോടൊപ്പം നാടുകടത്തി.
രാജ്യത്തെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്നാണ് അതത് രാജ്യങ്ങള്‍ക്ക് തടവുകാരെ കൈമാറി തിരക്ക് കുറക്കാന്‍ തീരുമാനിച്ചതെന്നും അധികൃതർ പറഞ്ഞു. ഫിലിപ്പീന്‍സ് എംബസിയുമായി സഹകരിച്ചാണ് കുവൈത്ത് അധികൃതര്‍ തൊഴിലാളികളെ തിരിച്ചയക്കാന്‍ നടപടി സ്വീകരിച്ചത്.
കുവൈത്താണ് വിമാനം ഏര്‍പ്പെടുത്തിയതും യാത്രാചെലവ് വഹിച്ചതും. നേരേത്ത തൊഴിലാളികളെ സ്വീകരിക്കുന്നതിന് ഫിലിപ്പീന്‍സ് നിബന്ധന വെച്ചിരുന്നു. ഇവര്‍ കോവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിബന്ധന.
ശ്രീലങ്ക, ഇന്ത്യ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിലെ ഏതാനും തടവുകാരെ അതത് രാജ്യങ്ങള്‍ അംഗീകരിക്കുന്ന മുറക്ക് വൈകാതെ കയറ്റി അയക്കാനിരിക്കുകയാണ്. ഇന്ത്യയും തിരിച്ചുവരുന്നവര്‍ വൈറസ് മുക്തമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ജയിലില്‍ നല്ലനടപ്പിലുമായിരുന്ന 115 തടവുകാരെ വിട്ടയച്ചു.
Post Your Comments