മുംബൈ: കൊവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ജില്ലകളില്‍ 144 പ്രഖ്യാപിച്ചു. നിരോധനാഞ്ജ പ്രകാരം തെരുവുകളില്‍ 4-5 ആളുകളില്‍ കൂടുതല്‍ കൂട്ടം കൂടി നില്‍ക്കരുത്. കാറുകളില്‍ രണ്ട് യാത്രക്കാരില്‍ കൂടുതല്‍ അനുവദിക്കില്ല. ജാഗ്രത പാലിച്ചില്ലെങ്കില്‍ കൊവിഡ് രോഗം കൈവിട്ടു പോയേക്കാമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കി.നഗര-ജില്ലാ അതിര്‍ത്തികള്‍ അടച്ചിടാനും മഹാരാഷ്ട്രാ സര്‍ക്കാര്‍ തീരുമാനിച്ചു.
ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാനും മഹാരാഷ്ട്ര ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്.സാഹചര്യം ഗുരുതരമാണെന്നും ഇപ്പോഴും ചിലര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്നും താക്കറെ കുറ്റപ്പെടുത്തി. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ആരാധനാലയങ്ങള്‍ അടച്ചിടാന്‍ ഉദ്ധവ് താക്കറെ നിര്‍ദ്ദേശിച്ചു. ആരാധലായങ്ങളിലെ അത്യാവശ്യ ചടങ്ങുകള്‍ പുരോഹിതര്‍ മാത്രമായി നിര്‍വഹിക്കണം. സ്വകാര്യ, പൊതുമേഖലാ ബസുകള്‍ സര്‍വീസ് നടത്തില്ല. ഓട്ടോറിക്ഷകളില്‍ ഒരു യാത്രക്കാരനെ മാത്രമേ അനുവദിക്കു. അത്യാവശ്യമില്ലാതെ തെരുവില്‍ ഇറങ്ങുന്നവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ്, ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മരുന്ന് നിര്‍മ്മാണ കന്പനികള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments