കാസര്‍കോട് : കാസര്‍കോട് ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് നിന്നും കര്‍ണാടകത്തിലേക്കുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ 31-ാം തീയതി വരെയാണ് നിരോധനം. കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേയ്ക്കുള്ള യാത്രക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ബംഗലൂരുവില്‍ നിന്നുള്ള കേരള ആര്‍ടിസി ബസുകള്‍ ഇന്നു നിര്‍ത്തും. കേരള സര്‍വീസുകളുടെ കാര്യത്തില്‍ കര്‍ണാടക ആര്‍ടിസി തീരുമാനമെടുത്തിട്ടില്ല.അതിനിടെ, കോവിഡ് രോഗബാധ കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കേരള-തമിഴ്‌നാട് അതിര്‍ത്തി അടച്ചു.
നാഗര്‍കോവില്‍- കളിയിക്കാവിള ചെക്ക്‌പോസ്റ്റിന് സമീപമാണ് ശനിയാഴ്ച പുലര്‍ച്ചെ ഒന്നര മുതല്‍ തമിഴ്‌നാട് പൊലീസ് പാത അടച്ചത്. നേരത്തെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കും കര്‍ണാടകത്തിലേക്കുമുള്ള പാതകള്‍ അടച്ചെന്ന പ്രചാരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങള്‍ രണ്ടാഴ്ച അടച്ചിടണം. ക്ലബുകളും അടയ്ക്കണം. കടകള്‍ രാവിലെ 11 മുതല്‍ അഞ്ചുവരെ മാത്രമേ തുറക്കാന്‍ പാടുള്ളുവെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ജീവനക്കാര്‍ ജില്ല വിട്ട് പുറത്തുപോകരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കാസര്‍കോട് ജില്ലയിലെ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ടെ കാര്യം വിചിത്രമാണ്. കോവിഡ് ബാധിച്ചയാള്‍ കരിപ്പൂര്‍ ഇറങ്ങി. ഇദ്ദേഹം പലയിടത്തും സന്ദര്‍ശനം നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുപരിപാടികളില്‍ എല്ലാം പങ്കെടുത്തു. ഇഷ്ടം പോലെ സഞ്ചരിച്ചിരിക്കുകയാണ്.
കോവിഡ് ജാഗ്രതാനിര്‍ദേശങ്ങള്‍ പൊതുവേ സമൂഹം പാലിച്ചുവരികയാണ്. എന്നാല്‍ ചിലര്‍ ചെയ്യുന്ന കാര്യങ്ങള്‍ നാടിന് തന്നെ വിനയായിരിക്കുകയാണ്. ഇതുമൂലം ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ചിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments