കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ ഉരുള്‍പൊട്ടല്‍. മലപ്പുറം നാടുകാണി പുളിയംപാറയിലാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് മരപ്പാലത്തുള്ള തോട് വഴി വഴിക്കടവ് പുഞ്ചക്കൊല്ലി പുഴ നിറഞ്ഞൊഴുകുകയാണ്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നിലവില്‍ നാശനഷ്ടങ്ങള്‍ ഇല്ലെന്ന് വിവരം.
അതേസമയം ഇടുക്കിയിലെ രാജമലയില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ എണ്ണം 52 ആയി. കഴിഞ്ഞ ദിവസം പെട്ടിമുടിപ്പുഴയില്‍ നിന്നു 3 മൃതദേഹം കൂടി കണ്ടെടുത്തതോടെയാണ് മരിച്ചവരുടെ എണ്ണ 52 ആയത്. പെട്ടിമുടിക്ക് നാല് കിലോമീറ്റര്‍ അകലെ കന്നിയാറില്‍ നിന്നാണ് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചെല്ലദുരൈ (55), രേഖ (27), രാജയ്യ (55) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. 3 പേരെയും പോസ്റ്റ്മോര്‍ട്ടം ചെയ്തു സംസ്കരിച്ചു.
ബാക്കിയുള്ള 19 പേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ഇവരില്‍ 9 കുട്ടികളുണ്ടെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണന് അറിയിച്ചു. പെട്ടിമുടിപ്പുഴയിലെ തിരച്ചിലിനാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം. തിങ്കളാഴ്ച 6 മൃതദേഹം കണ്ടെടുത്തതും ഇവിടെ നിന്നാണ്. മോശം കാലാവസ്ഥ കാരണം ഇന്നലെ അഞ്ചരയോടെ തെരച്ചില്‍ നിര്‍ത്തി.
Post Your Comments