കാസർകോട്: യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക. കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനെ തുടർന്നാണ് കർണാടക നിയന്ത്രണം കർശനമാക്കിയത്. കൂടുതൽ റോഡുകൾ അടച്ചാണ് കർണാടക നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. എൻമഗജെ പഞ്ചായത്തിലെ കുന്നിമൂലയിൽ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയിൽ ബാരിക്കേഡ് തീർത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സാലത്തട്ക്ക പാഞ്ചോടി റോഡ് കെട്ടി അടച്ചു.
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ഇപ്പോൾ അതിർത്തി വഴി കടത്തിവിടുന്നത്. രണ്ട് ഡോസ് വാക്സീൻ എടുത്തവരാണെങ്കിലും അവരും കൊവിഡില്ലെന്ന ആർ ടി പി സി ആർ പരിശോധന ഫലം കരുതണം. അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,17,69,132 ആയി. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളില്‍ പകുതിയും കേരളത്തില്‍ നിന്നാണ്.
കഴിഞ്ഞ ദിവസം കേരളത്തില്‍ മാത്രം 23,676 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗവ്യാപനത്തിന്റെ ശക്തി വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉളവാക്കുന്നത്. ഈ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ പ്രത്യേക സംഘത്തെ കേന്ദ്രം കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.
Post Your Comments