വാഷിംഗ്ടണ്‍: കൊറോണ വൈറസ് ലോകത്തിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈറ്റ് ഹൗസിലുമെത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹായിയായ ഒരു ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
“പ്രസിഡന്റ് ട്രംപിനോ വൈസ് പ്രസിഡന്റ് പെന്‍സിനോ ഈ വ്യക്തിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല,” പെന്‍സ് വക്താവ് കാറ്റി മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ നൽകാൻ അവര്‍ വിസമ്മതിച്ചു. ആരോഗ്യ വകുപ്പിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ആ വ്യക്തി ആരുമൊക്കെയായി ബന്ധപ്പെട്ടു എന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി മില്ലര്‍ പറഞ്ഞു. അമേരിക്കയില്‍ ഈ രോഗം മൂലം ഇതുവരെ 230 പേരാണ് മരിച്ചത്.
വൈറ്റ് ഹൗസ് കാമ്പസിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വൈറ്റ് ഹൗസില്‍ പ്രവേശിക്കുന്ന ഓരോ വ്യക്തിയുടെയും താപനില പരിശോധിക്കാന്‍ പ്രസിഡന്റിന്റെ ഡോക്ടര്‍മാരുടെയും സീക്രട്ട് സര്‍വീസിന്‍റെ ഏജന്‍റുമാരുടെയും സംഘം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
സാമൂഹിക അകലം പാലിക്കാനുള്ള നടപടികള്‍ വൈറ്റ് ഹൗസ് ഈ ആഴ്ച ശക്തമാക്കി. വൈറ്റ് ഹൗസിന്റെ തിരക്കേറിയ പ്രദേശങ്ങളിലേക്ക് വരുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതുപോലെ പ്രസ് ബ്രീഫിംഗ് റൂമിലും ഇരിപ്പിട ക്രമീകരണം മാറ്റിയിട്ടുണ്ട്. നിശ്ചിത അകലത്തിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം വരെ യുഎസില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 18000 ആയി ഉയര്‍ന്നു. 230 പേര്‍ മരിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 50 മണിക്കൂറിനുള്ളില്‍ 10,000 പേര്‍ക്ക് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊവിഡ്-19-ന് കാരണമാകുന്ന കൊറോണ വൈറസിന് ലോകമെമ്പാടുമുള്ള 100,000 ആളുകളെ ബാധിക്കാന്‍ മൂന്നു മാസത്തില്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഈ മാസം ആദ്യത്തോടെ അത് പൂര്‍ത്തിയായി. പക്ഷെ, അതിനു ശേഷം കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു. വെറും 12 ദിവസത്തിനുള്ളില്‍ ഒരു ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഈ മാസം വൈറസ് പടരുന്നതിന്‍റെ ചിത്രം ഗണ്യമായി മാറി. യുഎസും മറ്റ് രാജ്യങ്ങളും കൊറോണ വൈറസ് പരിശോധിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനിടയില്‍ അണുബാധകളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments