ന്യൂഡല്‍ഹി: ലോകം നിര്‍ഭയ എന്നു വിളിച്ച പെണ്‍കുട്ടിക്കു നാളെ രാജ്യത്തെ നിയമത്തിന്റെ അന്ത്യാഞ്‌ജലി. നാലു പ്രതികള്‍ക്കായി തിഹാര്‍ ജയിലില്‍ കഴുമരമൊരുങ്ങി. മുകേഷ് സിങ് (32), പവന്‍ ഗുപ്‌ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവര്‍ക്ക് ഇന്ന് അവസാന രാത്രി. നാളെ (മാർച്ച് 20 )പുലര്‍ച്ചെ 5.30-ന് നാലു പേരെയും തൂക്കിലേറ്റും.2013 സെപ്‌റ്റംബര്‍ 13-നു വിചാരണക്കോടതി വിധിച്ച ശിക്ഷ നടപ്പാകാനിരിക്കെ പ്രതികള്‍ അസ്വസ്‌ഥരാണ്. ഏറ്റവുമധികം അസ്വസ്‌ഥത പ്രകടിപ്പിക്കുന്നത് അക്ഷയ് സിങ്ങാണ്.
ശിക്ഷാദിനം അടുത്തിരിക്കെ എല്ലാവരും മുഴുവന്‍ സമയവും സി.സി. ടിവി നിരീക്ഷണത്തിലാണ്. സെല്ലുകള്‍ക്കരികില്‍ കൂടുതല്‍ കാവല്‍ക്കാരെ നിയോഗിച്ചു. ഡല്‍ഹി എയിംസില്‍നിന്നുള്ള മാനസികാരോഗ്യ വിദഗ്‌ധര്‍ പ്രതികള്‍ക്ക് അവസാന ദിവസങ്ങളില്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു.മുകേഷും പവനും കഴിഞ്ഞ വെള്ളിയാഴ്‌ചയും വിനയ് ശര്‍മ ഇന്നലെയുമാണ് അവസാനമായി കുടുംബാംഗങ്ങളെ കണ്ടത്. അക്ഷയ് കഴിഞ്ഞ മാസം ബന്ധുക്കളുമായി സംസാരിച്ചിരുന്നു.പ്രതികളുടെ ഉയരവും തൂക്കവുമുള്ള ഡമ്മികളും പിന്നീടു മണല്‍ച്ചാക്കുകളും തൂക്കിലേറ്റി ആരാച്ചാര്‍ പവന്‍ കുമാര്‍ ജല്ലാദ് തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
ബന്ധുക്കളുമായി പ്രതികളുടെ അവസാന കൂടിക്കാഴ്‌ചകള്‍ കഴിഞ്ഞു. അവസാന ആഗ്രഹം ചോദിക്കുന്നതടക്കമുള്ള ഔപചാരികതകള്‍ ഇന്നുച്ചയോടെ നടത്തും.2012 ഡിസംബര്‍ 16-നു രാത്രിയാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായത്.
അര്‍ധപ്രാണനോടെ ബസില്‍നിന്നു വലിച്ചെറിയപ്പെട്ട അവള്‍ ഡല്‍ഹിയിലെയും പിന്നീടു സിംഗപ്പുരിലെയും ആശുപത്രികളില്‍ മരണത്തോടു മല്ലടിച്ചു. ഡിസംബര്‍ 29-ന് ആ പോരാട്ടം അവസാനിച്ചു.ആറു പ്രതികളില്‍ പ്രധാനിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പ്രതി ജുവനൈല്‍ ഹോമില്‍ മൂന്നു വര്‍ഷത്തെ വാസത്തിനു ശേഷം മോചിതനായി. ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് ദിവസങ്ങളില്‍ ശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ക്കു നിയമപരമായ മാര്‍ഗങ്ങള്‍ ശേഷിച്ചിരുന്നതിനാല്‍ മാറ്റിവച്ചു. നാലാമത്തെ മരണവാറന്റിലാണു നാളത്തെ തീയതി കുറിച്ചത്. അതേസമയം നാളെ പുലര്‍ച്ചെ നടപ്പാക്കാനിരിക്കുന്ന വധശിക്ഷ സ്‌റ്റേ ചെയ്യണമെന്നഭ്യര്‍ഥിച്ച് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി ഇന്നുച്ചയ്‌ക്കു 12-നു പരിഗണിക്കും.
രാഷ്‌ട്രപതിക്ക് അക്ഷയ് സമര്‍പ്പിച്ച രണ്ടാം ദയാഹര്‍ജിയില്‍ തീരുമാനമായിട്ടില്ല, ഇയാളുടെ ഭാര്യ നല്‍കിയ വിവാഹമോചന ഹര്‍ജി കോടതിക്കു മുന്നിലാണ്, സംഭവസമയത്തു തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കാട്ടി പവന്‍ സുപ്രീം കോടതിയില്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി തീര്‍പ്പായിട്ടില്ല തുടങ്ങി കോവിഡ് ഭീതിയിലായ രാജ്യത്ത് വധശിക്ഷ നടപ്പാക്കാനുള്ള സാഹചര്യമില്ലെന്നു വരെയുള്ള വാദങ്ങളാണു ഹര്‍ജിയിലുള്ളത്.ശിക്ഷ നടപ്പാക്കുന്നതിനെതിരേ രാജ്യാന്തര നീതിന്യായക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഹര്‍ജിയിലുണ്ട്.
Post Your Comments