കൊച്ചി: ലോകത്ത് മഹാമാരിയായി പടർന്നു പിടിക്കുന്ന കൊറോണയെ തോൽപിക്കാൻ ശാസ്ത്രലോകം നിർണായക പരീക്ഷണങ്ങളിൽ ആണ്. എച്ച്.ഐ.വി മരുന്നുകൾ കൊറോണ രോഗത്തിനും ഫലപ്രദമാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ വിലയിരുത്തൽ.
കോവിഡ് ബാധിതനായി എറണാകുളം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യു.വിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് എച്ച്.ഐ.വി. ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ നൽകിത്തുടങ്ങി. രോഗിയുടെ അനുമതിയോടെയാണിത്.
ലോപിനാവിർ, റിട്ടോണാവിർ, എന്നീ എച്ച്.ഐ.വി. മരുന്നുകൾ കോവിഡ് ബാധിതരുടെ രോഗമുക്തി വേഗത്തിലാക്കുമെന്നാണു പ്രതീക്ഷ. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്റെ അനുമതി തേടിയാണ് മരുന്ന് നൽകുന്നത്.
ALSO READ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഏറ്റവും പുതിയ കണക്കുകൾ പുറത്ത്
ഈ മരുന്നുകൾ ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡും അനുമതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് മുൻകൈയെടുത്ത് മരുന്ന് ലഭ്യമാക്കി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ചികിത്സ. ബ്രിട്ടീഷ് പൗരന്റെ ഭാര്യയും മെഡിക്കൽ കോളേജിലുണ്ട്. ഇവരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവാണ്.
Post Your Comments