
ഹൈദരാബാദ്: ലോകാരോഗ്യ സംഘടനയുടെ മരുന്നുകളുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടംനേടി ഇന്ത്യയുടെ കോവിഡ്-19 വാക്സിൻ. കോർബെവാക്സ് വാക്സിനാണ് ഈ നേട്ടം സ്വന്തമാക്കിയത്. കോർബെവാക്സ് വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബയോളജിക്കൽ ഇ- ലിമിറ്റഡാണ്. ലോകാരോഗ്യ സംഘടനയുടെ എമർജൻസി യൂസ് ലിസ്റ്റിൽ കോർബെവാക്സ് വാക്സിന് ഇടംപിടിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ബയോളജിക്കൽ ലിമിറ്റഡ് വ്യക്തമാക്കി. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ് ഇത് നിർമ്മിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഈ അംഗികാരം കോവിഡ്-19 നെതിരായ തങ്ങളുടെ പോരാട്ടത്തെ ശക്തിപ്പെടുത്തുമെന്നും കമ്പനി വിശദമാക്കി. 2021 ഡിസംബർ മുതലാണ് മുതിർന്നവർക്കും കൗമാരപ്രായക്കാർക്കും അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ് വാക്സിന് ഡ്രഗ്സ് കൺട്രോൾ ഓഫ് ഇന്ത്യ അംഗീകാരം നൽകിയത്. 2022 ജൂണിൽ 18 വയസിന് മുകളിലുള്ളവർക്ക് ഇന്ത്യയിലെ ആദ്യത്തെ ഹെറ്ററോളജിക്കൽ കോവിഡ്-19 ബൂസ്റ്റർ ഡോസായി ഉപയോഗിക്കാനുള്ള അനുമതിയും കോർബെവാക്സ് വാക്സിന് ഡ്രഗ്‌സ് കൺട്രോളർ ഓഫ് ഇന്ത്യ നൽകിയിരുന്നു.
അതേസമയം, ജനുവരി മാസം അവസാനിക്കുന്നതോടെ ചൈനയിൽ കോവിഡ്-19 കേസുകൾ കുതിച്ചുയരുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ജനുവരി ആദ്യ വാരങ്ങളിൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ജനുവരി അവസാനിക്കുന്നതോടെ വൈറസിന്റെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. പ്രകടമായ ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് കേസുകളുടെ എണ്ണം കൂടുന്നത് ചൈനയിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Post Your Comments