ബംഗളുരു: കേരളത്തിലെ സർക്കാർ ആശുപത്രികളെ പുകഴ്ത്തി ബംഗളുരുവിലെ വ്യവസായിയുടെ കുറിപ്പ്. ബാലാജി വിശ്വനാഥ് എന്ന വ്യവസായിയാണ് അവധി ചെലവഴിക്കാനായി കേരളത്തിലെത്തിയ തനിക്ക് ഒരു സർക്കാർ ആശുപത്രിയിലുണ്ടായ നല്ല അനുഭവം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാഴ്ച മുൻപാണ് അദ്ദേഹം അവധി ആഘോഷിക്കാനായി ആലപ്പുഴയിലെത്തിയത്. അവിടത്തെ പൊതുജനാരോഗ്യ സംരക്ഷണ സമ്പ്രദായ രീതി കണ്ട് താൻ അത്ഭുതപ്പെട്ട് പോയെന്നും അദ്ദേഹം പറയുന്നു.
മകന് ചെറിയൊരു ആക്സിഡന്റ് ഉണ്ടായി. അവനേയും കൊണ്ട് സമീപത്തെ ഒരു സർക്കാർ ആശുപത്രിയിലേക്കാണ് പോയത്. ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ പോകുന്നതെന്നും 30 സെക്കന്റുകൾക്കുള്ളിൽ റിസപ്ക്ഷനിലെ പ്രവേശന നടപടികൾ പൂർത്തിയായെന്നും ബാലാജി വിശ്വനാഥ് പറയുന്നു. അടുത്ത 30 സെക്കന്റിനുള്ളിൽ എമർജൻസി റൂമിലെ ഡോക്ടറെത്തി മകനെ പരിശോധിച്ചു. പരിക്ക് സാരമായതല്ലെന്ന് അറിയിച്ചു. രണ്ട് മിനുട്ടിനുള്ളിൽ പരിക്കിന് പ്രാഥമിക ശുശ്രൂഷ നൽകി. അടുത്ത അഞ്ച് മിനുട്ടിനുള്ളിൽ ഡ്യൂട്ടി ഡോക്ടറെത്തി എക്സറേ ആവശ്യപ്പെട്ടു. രണ്ട് മിനുട്ടിനുള്ളിൽ അതും പൂർത്തിയായി. ഒടിവുകൾ ഇല്ലെന്നും ഓർത്തോ ഡിപ്പാർട്ട്മെന്റിൽ കാണിക്കാനും നിർദേശിച്ച് ഡോക്ടർ ഞങ്ങളെ മടക്കി. വീട്ടിലേക്കെത്തിയ ഞങ്ങൾ അൽപ നേരത്തിനു ശേഷം ആശുപത്രിയിലേക്ക് തിരിച്ചെത്തി ഓർത്തോ ഡിപ്പാർട്ട്മെന്റിലെ ഡോക്ടറെ കണ്ടു. പിന്നീട് അഞ്ച് മിനുട്ടിനുള്ളിൽ മറ്റൊരു ഡ്യൂട്ടി ഡോക്ടറെത്തി ബാൻഡേജ് മാറ്റി പ്രിസ്‌ക്രിപ്ഷൻ തന്നു. മുടക്കമില്ലാതെ ഞങ്ങൾക്ക് അവധി ചിലവഴിക്കാനായി. ആകെ ചെലവായത് 20 മിനുട്ടും പൂജ്യം രൂപയും. ഇത്തരത്തിലൊരു സംവിധാനം ലോകത്തിൽ എവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
Post Your Comments