പാലക്കാട്: ചിറ്റൂരിൽ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പരിശോധന റിപ്പോർട്ട് പുറത്ത്. യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്നാണ് പരിശോധന റിപ്പോർട്ടിൽ പറയുന്നത്. രണ്ട് തവണ രക്തപരിശോധന നടത്തി വിഷാംശം ഇല്ലെന്ന് ഉറപ്പ് വരുത്തിയതായി ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.
പാമ്പ് കടിച്ചിരിക്കാം, പക്ഷേ വിഷം ശരീരത്തിൽ എത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്ന സംശയത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ. യുവതി ഇപ്പോഴും പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ ഇന്ന് ആശുപത്രി വിട്ടേക്കും.
ഇന്നലെയാണ് പനിബാധിച്ച മകളുമായി സര്‍ക്കാര്‍ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് പാമ്പുകടിയേറ്റത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഗവ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രിയ്ക്കാണ് കൈയില്‍ പാമ്പുകടിയേറ്റത്. തുടർന്ന് ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments