തിരുവനന്തപുരം: പക്ഷിപ്പനി ചില പ്രത്യേക സാഹചര്യങ്ങളില്‍ മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. വൈറസ്, 60 ഡിഗ്രി ചൂടില്‍ അര മണിക്കൂറില്‍ നശിച്ചു പോകും. അതിനാല്‍ നന്നായി പാകം ചെയ്ത മുട്ട, കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യവും സുരക്ഷിതവുമാണെന്ന് വകുപ്പ് അറിയിച്ചു.എന്നാല്‍ ബുള്‍സ്ഐ പോലുള്ള പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്. പകുതിവേവിച്ച മാംസവും ഒഴിവാക്കണം. ചത്തതോ, രോഗം ബാധിച്ചതോ ആയ പക്ഷികളെ കൈയുറയും മാസ്കും ഉപയോഗിച്ച് കൈകാര്യം ചെയ്ത ശേഷം ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈ കഴുകണം.
അതേസമയം രോഗബാധാപ്രദേശത്ത് വളര്‍ത്തുപക്ഷികളെ ഒളിപ്പിച്ചുവയ്ക്കുകയോ പുറത്തേക്ക് കടത്തുകയോ ചെയ്യുന്നത് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതിനും രോഗം പുറത്തേക്ക് വ്യാപിക്കുന്നതിനും ഇടയാക്കും. മാത്രമല്ല, പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുവാന്‍ സാദ്ധ്യതയുള്ള രോഗമായതിനാല്‍ ഇത്തരത്തില്‍ രോഗബാധാ പ്രദേശത്തുനിന്നും പുറത്തേക്ക് കൊണ്ടുപോകുന്ന വളര്‍ത്തുപക്ഷികള്‍ മനുഷ്യര്‍ക്കും ഭീഷണിയായേക്കാം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പക്ഷിപ്പനി കണ്ട്രോള് സെല്ലിലോ 04952762050 എന്ന നമ്ബരിലോ പോലീസിലോ അറിയിക്കണം.
ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും ചത്തതോ രോഗം ബാധിച്ചതോ ആയ പക്ഷികളെയോ, ദേശാടനക്കിളികളെയോ ഇവയുടെ കാഷ്ഠമോ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകി വൃത്തിയാക്കണം. കോഴികളുടെ മാംസം കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. മുട്ട, മാംസം എന്നിവ പ്രഷര്‍കുക്കറില്‍ പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള മൃഗസംരക്ഷണവകുപ്പ് സ്ഥാപനത്തില്‍ അറിയിക്കുക. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള ഡോക്ടറെ ബന്ധപെടുക.
Post Your Comments