ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കുന്നത് ഇന്നും തുടരും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിലായി രോഗം ബാധിച്ച് ചത്തത് ആയിരക്കണക്കിന് താറാവുകളാണ്. ജില്ലയിലെ 11 പഞ്ചായത്തുകളിൽ താറാവുകളടക്കമുള്ള വളർത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി.
ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത് ആഴ്ചകള്‍ക്ക് മുന്‍പാണ്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രോഗകാരണം എച്ച് 5 എന്‍ 1 വൈറസ് ആണെന്ന് സ്ഥിരീകരിച്ചത്. ഭോപ്പാലിലില്‍ നിന്നും പരിശോധനാഫലം ലഭിക്കാന്‍ വൈകിയതാണ് രോഗം വ്യാപനത്തിന് കാരണം.
നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്നുകര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്.
അതേസമയം കളക്ടറേറ്റില്‍ അടിയന്തരയോഗം ചേര്‍ന്നാണ് താറാവുകളെ കൊന്നൊടുക്കാന്‍ പത്തംഗ ടീമിനെ നിയോഗിച്ചത്. രോഗം സ്ഥിരീകരിച്ച ചമ്പക്കുളം, നെടുമുടി, മുട്ടാര്‍, വീയപുരം, കരുവാറ്റ, തൃക്കുന്നപ്പുഴ, തകഴി, പുറക്കാട്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, എടത്വ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭാ മേഖലയിലും താറാവ്, കോഴി, കാട, വളര്‍ത്തുപക്ഷികള്‍ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
തകഴി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ കൊന്ന് സുരക്ഷിതമായി മറവു ചെയ്യുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും പ്രദേശത്ത് നിരീക്ഷണം നടത്തുന്നതും പൊലീസ് ആണ്. ഈ വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു.
Post Your Comments