കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടര്‍ന്ന് പിടിച്ചതിനു പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പൂരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. സര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം അനുസരിച്ച് ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. ആചാരപരമായ ചടങ്ങുകള്‍ മുറ തെറ്റിക്കാതെ നടത്താനും തീരുമാനിച്ചു.
Read Also : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 403 ക്ഷേത്രങ്ങളാണുളളത്. ഇതില്‍ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇപ്പോള്‍ ഉത്സവകാലമാണ്. ഉത്സവത്തിന് പതിനായിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുമെന്ന് കണ്ടാണ് ആഘോഷങ്ങള്‍ ഒഴിവാക്കി ചടങ്ങ് മാത്രമാക്കി നടത്താന്‍ തീരുമാനിച്ചത്. അടിയന്തര യോഗം ചേര്‍ന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തത്.
ഈ മാസം 31 വരെ നടക്കുന്ന ഉത്സവങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ പൂരം , ആറാട്ടുപുഴ പൂരം എന്നിവയെക്കുറിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. അതേസമയം ക്ഷേത്ര ഉത്സവത്തിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Post Your Comments