Latest NewsNewsInternational

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബെത്ലഹേം നഗരം അടച്ചുപൂട്ടി

പലസ്‍തീനില്‍ കൊവിഡ് 19 രോഗം വ്യാപിക്കുകയാണ്

ബെത്ലഹേം: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ബെത്ലഹേം നഗരം അടച്ചുപൂട്ടി. ബെത്ലഹേമില്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്നും നഗരത്തിലുള്ളവരെ പുറത്തുപോകാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. പലസ്‍തീനിയന്‍ അതോറിറ്റിയുമായി ചേര്‍ന്നാണ് ബെത്ലഹേമില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതെന്നും ഇസ്രായേലി മന്ത്രാലയം അറിയിച്ചു.

പലസ്‍തീനില്‍ കൊവിഡ് 19 രോഗം വ്യാപിക്കുകയാണ്. രാജ്യത്ത് 19 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പലസ്‍തീന്‍ ആരോഗ്യ മന്ത്രി മയി അല്‍ കയില അറിയിച്ചു. കഴിഞ്ഞ ദിവസം വെസ്റ്റ് ബാങ്കില്‍ ഒമ്പത് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. പലസ്‍തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്‍തു.

30 ദിവസത്തേക്കാണ് ബെത്ലഹേം നഗരം അടച്ചിടുന്നതെന്നാണ് കഴിഞ്ഞ ദിവസം പലസ്‍തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്റ്റയ്യാ അറിയിച്ചത്. വെസ്റ്റ് ബാങ്കിലേക്കുള്ള എല്ലാ പ്രവേശനങ്ങളും ഇസ്രായേലിന്‍റെ നിയന്ത്രണത്തിലാണ്. റാമള്ള ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പലസ്‍തീനിയന്‍ അതോറിറ്റിക്ക് നഗരത്തില്‍ വളരെ പരിമിതമായ അധികാരങ്ങള്‍ മാത്രമാണുള്ളത്.

ALSO READ: കൊറോണ ബാധ: മലേഷ്യയും തായ്‌ലാന്റും വിലക്കിയ ക്രൂയിസ് കപ്പലിൽ നിരവധി ഇന്ത്യക്കാർ

മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. പലസ്‍തീനിലെ ഗവര്‍ണറേറ്റുകള്‍ക്കിടയിലുള്ള യാത്രകള്‍ നിരോധിച്ചിരിക്കുകയാണ്. പാര്‍ക്കുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ ഒത്തുകൂടന്ന സ്ഥലങ്ങളെല്ലാം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമ്മേളനങ്ങളും കായിക പരിപാടികളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും റദ്ദാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button