ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി കർശനമാക്കി യുഎഇ. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത 40 സ്ഥാപനങ്ങളാണ് കഴിഞ്ഞ വർഷം ഫുജൈറയിൽ പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഹെൽത്ത് കൺട്രോൾ വകുപ്പ് മേധാവി ഫാത്തിമ മക്‌സ വ്യക്തമാക്കി.
അതേസമയം, പരിശോധനകൾക്കിടെ 685 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകൾ പരിശോധനകളിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. കാലാവധി കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങൾ ചില സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള ലൈസൻസുകൾ പ്രകാരം അനുമതിയില്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
Post Your Comments