
കൊച്ചി: കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം നേതാവിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ നീക്കവുമായി അന്വേഷണ സംഘം. തുടർന്ന് സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യയേയും പ്രതി ചേർത്തേക്കാനാണ് സാധ്യത. കേസിലെ മൂന്നാം പ്രതിയായ സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അൻവറിന്റെ ഭാര്യയുടെ കേസിലെ പങ്കാണ് അന്വേഷിക്കുന്നത്.
അയ്യനാട് സഹകരണ ബാങ്കിൽ നിന്നും അൻവറിന്റെയും ഭാര്യയുടെയും പേരിലുള്ള സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേയ്ക്ക് തുക മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. തട്ടിപ്പ് നടന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർബോർഡ് അംഗം കൂടിയാണ് അൻവറിന്റെ ഭാര്യ.
തുക ട്രാൻസ്ഫർ ചെയ്തത് അൻവറിന്റെ അക്കൗണ്ടിൽ നിന്നുമാണ്. ഈ സാഹചര്യത്തിലാണ് അൻവറിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറാകുന്നത്. അതോടൊപ്പം മറ്റൊരു സിപിഎം നേതാവിന് കൂടി രണ്ടര ലക്ഷം ലഭിച്ചതായും തെളിവ് ലഭിച്ചു. തൃക്കാക്കരയിലെ സിപിഎം നേതാവ് നിതിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഇത് കൂടി പുറത്തു വന്നതോടെ പ്രളയ തട്ടിപ്പു കേസിൽ സിപിഎം തികച്ചും പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, പ്രതികളെ സിപിഎം സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
ALSO READ: ഹെഡ്‌മാസ്റ്റർ ആത്മഹത്യചെയ്‌ത സംഭവത്തിൽ ചിലർ ഉത്തരവാദികളാണെന്ന് അധ്യാപക സംഘടന
കേസിൽ നേരത്തെ ജില്ലാ കളക്ടർ നടത്തിയ അന്വേഷണത്തിന് നേരെയും ചോദ്യം ഉയരുന്നുണ്ട്. നേരത്തെ അൻവറിന്റെ അക്കൗണ്ടിൽ എത്തിയ തുക മാത്രമാണ് കണ്ടെത്തിയിരുന്നത്. നിതിന്റെയും മഹേഷിന്റെയും പക്കൽ വന്ന പണത്തെക്കുറിച്ച് റിപ്പോർട്ടിൽ ഒന്നും പറഞ്ഞിരുന്നില്ല. ഒളിവിലുള്ള രണ്ടും മൂന്നും പ്രതികളായ മഹേഷിനും അൻവറിനും വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Post Your Comments