കൊച്ചി : ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്ക് ഈ മാസം 8 മുതല്‍ യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ നിര്‍ബന്ധമായും കൊറോണ ഇല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം കൈവശം വയ്ക്കണമെന്ന് അറിയിപ്പ്. കോവിഡ്19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റേതാണു നിര്‍ദേശം. നിശ്ചിത രേഖ കൈവശമില്ലാത്ത യാത്രക്കാരെ അതേ വിമാനത്തില്‍ തിരിച്ചയയ്ക്കുന്ന സാഹചര്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ മാര്‍ച്ച് എട്ടു മുതല്‍ 15 വരെ തീയതികളില്‍ ടിക്കറ്റെടുത്തിട്ടുള്ളവര്‍ക്കായി സൗജന്യമായി യാത്രാ തീയതി മാറ്റുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്ത തീയതി മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ ഏതെങ്കിലും ദിവസത്തേക്കു യാത്ര മാറ്റിവയ്ക്കാം. കുവൈത്ത് എംബസി അംഗീകരിച്ച ആരോഗ്യകേന്ദ്രങ്ങളില്‍നിന്ന് ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കിയതിന്റെ പിസിആര്‍ സര്‍ട്ടിഫിക്കേറ്റാണു കൈവശമുണ്ടാകേണ്ടത്. അംഗീകാരമുള്ള ഹെല്‍ത് കേന്ദ്രങ്ങളുടെ വിവരം ജിസിസിഎച്ച്എംസി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതു പ്രകാരം കോഴിക്കോടും കൊച്ചിയിലും അഞ്ചു വീതവും മംഗലാപുരത്ത് മൂന്നും അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുണ്ട്. കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളായ ഫിലിപ്പൈന്‍സ്, ബംഗ്ലദേശ്, ഈജിപ്ത്, സിറിയ, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലബനന്‍ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് കരുതണമെന്ന നിര്‍ദേശമുണ്ട്.
പുതുക്കിയ നിര്‍ദേശപ്രകാരം വിസിറ്റിങ്, ഫാമിലി, ബിസിനസ് വീസകള്‍ ഉള്ളവര്‍ക്കു ദമാമിലേക്കും റിയാദിലേക്കും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. സ്ഥിര താമസ വിസ ഇല്ലാത്തവര്‍ തിരിച്ചുള്ള ടിക്കറ്റ് കൂടി കരുതേണ്ടതുണ്ട്. അതേ സമയം ഉംറ വീസയും ടൂറിസ്റ്റ് വിസയുമുള്ളവര്‍ക്ക് സൗദി പ്രവേശനം വിലക്കിയിട്ടുണ്ട്.
Post Your Comments