Latest NewsIndiaNews

ആര്‍മിയില്‍ ചേരാനൊരുങ്ങി രാജ്യത്തിനുവേണ്ടി വിരമൃത്യു വരിച്ച ജവാന്റെ ഭാര്യ

മുംബൈ: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യ ആര്‍മിയില്‍ ചേരാനൊരുങ്ങുന്നു. നിതിക കൗള്‍(28) ആണ് ഭര്‍ത്താവായ കൊല്ലപ്പെട്ട മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിനോടുള്ള ആദര സൂചകമായി ആര്‍മിയില്‍ ചേരാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് വിഭുതി ശങ്കര്‍ വീരമൃത്യു വരിച്ചത്.

മാതാപിതാക്കളോടൊപ്പം ദില്ലിയില്‍ താമസിക്കുന്ന നികിത നിലവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. എന്നാല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്എല്‍സി) പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കിയ നിതിക കൗള്‍ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. മെറിറ്റ് ലിസ്റ്റില്‍ ഇടം നേടിയാല്‍ നിതിക ഒരു കേഡറ്റായി സേനയില്‍ ചേരും. ഭര്‍ത്താവിനോടുള്ള ആദര സൂചകമായാണ് താന്‍ ആര്‍മിയില്‍ ചേരുന്നതെന്ന് നിതിക പറയുന്നു.

വലിയ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ തനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. എന്നാല്‍ ഇതിനിടയിലാണ് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ പരീക്ഷയ്ക്ക് ഹാജരാകാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഫോം പൂരിപ്പിക്കുന്നത്. തന്റെ ഭര്‍ത്താവിനെപ്പോലെ അതേ പാതയിലൂടെ നടക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ഭര്‍ത്താവ് ആര്‍മിയിലേക്ക് പോകാനുള്ള പരീക്ഷ എഴുതിയ അതേ അവസ്ഥയിലൂടെയാണ് താനും കടന്നു പോകയാണെന്ന് തനിക്ക് തോന്നിയെന്നും അത് തന്നെ വിഭുവിനോട് കൂടുതല്‍ അടുപ്പിച്ചുവെന്നും നിതിക പറഞ്ഞു.

സൈന്യത്തില്‍ ചേരാനുള്ള തീരുമാനത്തെ തുടക്കത്തില്‍ ഇരു കുടുംബങ്ങളും എതിര്‍ത്തുവെങ്കിലും നിതികയുടെ ഉറച്ച തീരുമാനത്തിന് മുന്നില്‍ അവര്‍ സമ്മതം മൂളുകയുമായിരുന്നുവെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞപ്പോഴായിരുന്നു വിഭുതി ശങ്കര്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button