ഉഡുപ്പി: ലോക ചാമ്പ്യൻ ഉസൈൻ ബോൾട്ടുമായി താരതമ്യം ചെയ്യുന്നതിനെതിരെ അപേക്ഷയുമായി കർണ്ണാടകയിലെ കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡ രംഗത്ത്. ‘ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നത്, എന്നാല്‍ ബോള്‍ട്ട് ലോകചാമ്പ്യനാണ് ഞാന്‍ വെറും ചെളിയില്‍ ഓടുന്നവന്. ബോള്‍ട്ടിന് ചെളിയിലെന്നപോലെ എനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകും’ ലോകചാമ്പ്യന് ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ് തിരുത്തിയ ശ്രീനിവാസ ഗൗഡപറയുന്നു.
ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്പോര്‍ട്സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജു വ്യക്തമാക്കി. ഒളിമ്പിക്സിന് വേണ്ട മികവുണ്ടെങ്കില്‍ അത് പാഴായി പോകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം.
കാണികളില്‍ അത്ഭുതം ഉളവാക്കിയ പ്രകടനമായിരുന്നു 28കാരനായ ഗൗഡയുടേത്. ഗൗഡ നാളെ ഡല്‍ഹിയിലെത്തും. 142.5 മീറ്റര്‍ ദൂരം 13.62 സെക്കന്റിലാണ് ഗൗഡ ഓടിയത്. ഇതിനെ 100 മീറ്ററിലേക്ക് ചുരുക്കി കണക്കാക്കുമ്പോഴാണ് 9.55 എന്ന സമയം. ഇതോടെ നിര്‍മ്മാണത്തൊഴിലാളിയായ ശ്രീനിവാസ ഗൗഡയ്ക്ക് ഇന്ത്യന്‍ ബോള്‍ട്ട് എന്ന വിളിപ്പേര് വീഴുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗൗഡയുടെ എളിമ നിറഞ്ഞ വാക്കുകളും എത്തിയത്.
ഇതോടെ ഗൗഡയ്ക്ക് ഇപ്പോള്‍ നിറകൈയ്യടിയാണ്. ഒരു ദിവസംകൊണ്ട് രാജ്യം മുഴുവന്‍ തന്നെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കണ്ടിരുന്നില്ലെന്ന് ശ്രീനിവാസ കൂട്ടിച്ചേര്‍ത്തു.
Post Your Comments