ചേര്‍ത്തല: വളര്‍ത്തു നായ്ക്കളെ വടിവാള്‍ കൊണ്ടു വെട്ടിക്കൊല്ലുന്ന അജ്ഞാതന്‍ എഴുപുന്ന നീണ്ടകര പ്രദേശത്തു വീണ്ടുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വളര്‍ത്തു നായ്ക്കള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്. നീണ്ടകര പ്രദേശത്തെ 100 മീറ്റര്‍ ചുറ്റളവിലായിരുന്നു ആക്രമണം. നീണ്ടകര തെക്ക് പുത്തനാട്ട് കോളനി പ്രദേശത്താണ് നായയുടെ കണ്ണുകള്‍ കുത്തിക്കീറുകയും തല അടിച്ചു ചതയ്ക്കുകയും ചെയ്തത്.
നായയുടെ കരച്ചില്‍ കേട്ട് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍, മുഖംമൂടി ധരിച്ച അജ്ഞാതന്‍ വടിവാളുമായി ഓടിമറഞ്ഞു. അജ്ഞാതന്‍ ആദ്യം വീടുകളുടെ ജനാലകളില്‍ ഇടിക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്ത ശേഷമാണ് നായ്ക്കളെ വെട്ടി പരുക്കേല്‍പിക്കുന്നത്. മുഖത്തേക്കു ടോര്‍ച്ച് വെളിച്ചം തെളിച്ചാല്‍ തിരികെ ടോര്‍ച്ച് അടിക്കുകയും വാള്‍ വീശുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. ജനങ്ങള്‍ കൂടുമ്പോള്‍ ഓടി മറയുകയാണു രീതി.
മനോദൗര്‍ബല്യമുള്ള ആരെങ്കിലുമാകാം സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്. പ്രദേശം നന്നായി അറിയാവുന്നയാളാണ് അക്രമിയെന്നാണ് നാട്ടുകാരുടെ നിഗമനം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായുള്ള മൃഗ സ്നേഹികളുടെ സംഘടന പൊലീസിനെ സമീപിച്ചു.
Post Your Comments