Latest NewsIndiaNews

സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു ശ്രമിച്ചിരുന്നോ? പട്ടേലിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലില്‍ രാഷ്ട്രീയവിവാദം പുകയുന്നു

ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തരമുള്ള ആദ്യസര്‍ക്കാരില്‍ പട്ടേലിനെ ഒഴിവാക്കാന്‍ പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രു ശ്രമിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുസ്തകത്തിലെ ആരോപണം. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലില്‍ രാഷ്ട്രീയവിവാദം കത്തുകയാണ്. നെഹ്രുവിനെ രൂക്ഷമായി വിമര്‍ശിച്ചും പട്ടേലിനെ പുകഴ്ത്തിയും പ്രധാനമന്ത്രിയടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് പുസ്തകത്തെച്ചൊല്ലി ഇപ്പോള്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ പട്ടേലിന്റെ വലംകൈയായി നിന്ന ആഭ്യന്തരസെക്രട്ടറി വി.പി. മേനോന്റെ കൊച്ചുമകള്‍ നാരായണി ബസു രചിച്ച ‘വി.പി. മേനോന്‍-ദി അണ്‍സങ് ആര്‍ക്കിടെക്‌ട് ഓഫ് മോഡേണ്‍ ഇന്ത്യ’ എന്ന പുസ്തകത്തിലാണ് പരാമര്‍ശം. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ ട്വീറ്റു ചെയ്തതോടെ വിവാദം കത്തിപ്പടര്‍ന്നു.

മന്ത്രി ജയ്‌ശങ്കര്‍ ട്വീറ്റ് ചെയ്തതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷും ചരിത്രകാരന്‍ രാമചന്ദ്രഗുഹയും രംഗത്തെത്തി. നെഹ്രു പട്ടേലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നതു വ്യാജവാര്‍ത്തയാണെന്നു ജയറാം രമേഷ് കുറ്റപ്പെടുത്തി. 1947 ജൂലായ് 19-നു നെഹ്‌റു മൗണ്ട്ബാറ്റനും പിന്നീട് ജൂലായ് 30-നും ഓഗസ്റ്റ് ഒന്നിനും പട്ടേലിനും അയച്ച കത്തുകള്‍ അദ്ദേഹം ട്വിറ്ററില്‍ പരസ്യപ്പെടുത്തി. പട്ടേലിനെ മന്ത്രിസഭയില്‍ ചേരാന്‍ ക്ഷണിച്ച്‌ നെഹ്രു അയച്ചതാണ് ഈ കത്തുകള്‍. നെഹ്രു ഓഗസ്റ്റ് നാലിന് മൗണ്ട് ബാറ്റനും പട്ടേലിനും അയച്ച കത്തുകളും ജയറാം രമേഷ് പുറത്തുവിട്ടു. മന്ത്രിസഭയിലെ രണ്ടാമനായി പട്ടേലിനെ നിശ്ചയിച്ചതു തെളിയിക്കുന്ന 1947 ഓഗസ്റ്റ് 14-നു നെഹ്രുവിന്റെ ഓഫീസ് നോട്ടും അദ്ദേഹം പരസ്യപ്പെടുത്തി.

1947 ഓഗസ്റ്റ് ആദ്യവാരം വൈസ്രോയി മൗണ്ട്ബാറ്റനു നെഹ്രു സമര്‍പ്പിച്ച മന്ത്രിമാരുടെ പട്ടികയില്‍ പട്ടേലിന്റെ പേരുണ്ടായിരുന്നില്ലെന്ന് പുസ്തകത്തില്‍ പറയുന്നു. പിന്നീട്, മൗണ്ട്ബാറ്റന്‍ ഇടപെട്ടാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്നും പുസ്തകത്തില്‍ നാരായണി വിശദീകരിക്കുന്നു.

1947 ഓഗസ്റ്റ് ഒന്നിനു നെഹ്രു പട്ടേലിനയച്ച ക്ഷണക്കത്ത് പുറത്തുവിട്ട ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ മന്ത്രി ജയ്ശങ്കറിനെതിരേ രൂക്ഷവിമര്‍ശനവും അഴിച്ചുവിട്ടു. ‘ജെ.എന്‍.യു.വില്‍നിന്നു ഗവേഷണബിരുദം നേടിയ മന്ത്രി തന്നെക്കാള്‍ പുസ്തകം വായിച്ചിട്ടുണ്ടാവും. അവയിലൊക്കെ നെഹ്‌റുവും പട്ടേലും തമ്മിലുള്ള കത്തിടപാടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടാവും. തന്റെ മന്ത്രിസഭയിലെ നെടുംതൂണാണ് പട്ടേലെന്നാണ് കത്തില്‍ നെഹ്രു വിശേഷിപ്പിച്ചത്’- രാമചന്ദ്ര ഗുഹ വിദേശകാര്യമന്ത്രിയെ ഓര്‍മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button