അർഹരായവർക്ക് പി.എസ്.സി നിയമനം നടത്താൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പരസ്യമായി പ്രതികരിച്ച് കേരളത്തിലെ യുവത്വം. പിൻവാതിൽ നിയമനം വിവാദമായ സാഹചര്യത്തിലാണ് സർക്കാരിൻ്റെ പിടിപ്പുകേടിനെതിരെ പി.എസ്.സി നിയമനം കാത്തിരിക്കുന്നവരും അല്ലാത്തവരുമായ യുവതീ – യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഇതുവരെ കോൺഗ്രസും ബിജെപിയും പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളും മാത്രമായിരുന്നു വിവാദനടപടിക്കെതിരെ പ്രതികരിച്ചിരുന്നതെങ്കിൽ ഇപ്പോൾ അതിൻ്റെ മുഖം മാറുകയാണ്. കേരളത്തിലെ യുവത്വവും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വരും കാല പി.എസ്.സിയുടെ ഭാവി എന്തായിരിക്കുമെന്ന ഭയം ഓരോ ഉദ്യോഗാർത്ഥികൾക്കുമുണ്ട്. ഇതിനെക്കുറിച്ച് കൊല്ലം സ്വദേശിയായ ബാസിത് അൽവിക്ക് പറയാനുള്ളത് മുൻകാല ചരിത്രമാണ്. മാതൃഭൂമിയുമായുള്ള ചർച്ചയിലാണ് ബാസിത് തൻ്റെ അഭിപ്രായങ്ങളും പി.എസ്.സിയുമായി ബന്ധപ്പെട്ട വിലയിരുത്തലുകളും വിശദീകരിക്കുന്നത്. ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് ബാസിത് പറയുന്നത്. യുവാവിൻ്റെ വാക്കുകളിങ്ങനെ:
‘ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനം മാത്രമല്ല വിഷയം. മുൻകാലങ്ങളിൽ പി കെ ശ്രീമതിയുടെ മരുമകളെ സ്വന്തം വീട്ടിൽ ജോലിക്ക് നിർത്തുകയും അതിൻ്റെ പേരിൽ സർക്കാർ ഫണ്ട് കൊടുക്കുകയും ചെയ്തു, സ്വപ്ന സുരേഷ് പത്താം ക്ളാസ് പോലും പാസാകാതെ സർക്കാർ സംവിധാനത്തിൽ പ്രവേശിച്ചു, ഇ പി ജയരാജൻ്റെ ബന്ധുനിയമനം, കെ ടി ജലീലിൻ്റെ ബന്ധു നിയമനം, വിജയരാഘവൻ്റെ ഭാര്യയെ വൈസ് പ്രിൻസിപ്പൾ ആക്കുന്നു, ആനത്തലവട്ടം ആനന്ദൻ്റെ മകനെ നിയമിക്കുന്നു, ഇ കെ നായനാരുടെ കൊച്ചു മകനെ നിയമിക്കുന്നു, കെ കെ രാജേഷിൻ്റെ ഭാര്യയെ നിയമിക്കുന്നു ഇതിനൊന്നും തന്നെ കൃത്യമായ യാതോരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് വെളിവാക്കപ്പെട്ടിട്ടുള്ള പിൻവാതിൽ നിയമനം മാത്രമാണ്. ബാങ്കുകളിൽ, പാൽസൊസൈറ്റികളിൽ അങ്ങനെ നിരവധിയിടങ്ങളിൽ ഇത്തരം പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുണ്ട്.’
‘ഈ രീതി തന്നെയാണ് ഇനിയും തുടരുന്നതെങ്കിൽ കൊടി സുനി പി.എസ്.സിയുടെ ചെയർമാൻ ആയിട്ട് വന്നാൽ പോലും അത്ഭുതപ്പെടാനില്ല. ആകാശ് തില്ലങ്കേരിയും കൊലപാതക കേസിലെ പ്രതികളും മുതിർന്ന സ്ഥാനമാനങ്ങളിലേക്ക് കയറിവരുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ശക്തമായ പോരാട്ടം തന്നെ നടത്തണം. അനീതി നടക്കുന്നിടത്ത് മൗനം പാലിച്ചിരിക്കുന്നത് തെറ്റാണ്. സമരം നടത്തുന്നവർക്ക് പൂർണ ഐക്യദാർഢ്യം’ – ബാസിത് പറയുന്നു.
Post Your Comments