ആലുവ : യുവതിയെ കൊലപ്പെടുത്തി പെരിയാറില്‍ കെട്ടിത്താഴ്ത്തിയ സംഭവം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ലോക്കല്‍ പൊലീസിന്റെ 20 അംഗ സ്‌ക്വാഡ് ഒരു വര്‍ഷം അന്വേഷിച്ചിട്ടും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനോ പ്രതികളെ കണ്ടെത്താനോ കഴിഞ്ഞില്ല. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ റൂറല്‍ എസ്പി ശുപാര്‍ശ ചെയ്യുകയായിരുന്നു.
യുസി കോളജിനു താഴെ കടൂപ്പാടം വിന്‍സന്‍ഷ്യന്‍ വിദ്യാഭവന്‍ കടവില്‍, പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയര്‍ വരിഞ്ഞുചുറ്റി കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ യുവതിയുടെ 4 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതു 2019 ഫെബ്രുവരി 11നാണ്. വൈകിട്ടു പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണ് ആദ്യം കണ്ടത്. ഒഴുക്കിനെ അതിജീവിച്ചു മരക്കുറ്റിയില്‍ കുരുങ്ങിക്കിടന്ന മൃതദേഹത്തിന്റെ അഴുകിയ കൈ പുതപ്പിനുള്ളില്‍ നിന്നു പുറത്തേക്കു തള്ളിനിന്നിരുന്നു. ഇളംപച്ച ത്രീഫോര്‍ത്ത് ലോവറും കരിനീല ടോപ്പുമായിരുന്നു വേഷം. പുള്ളിക്കുത്തുള്ള ചുവന്ന ചുരിദാര്‍ ബോട്ടം വായില്‍ തിരുകിവച്ചിരുന്നു. 40 കിലോഗ്രാം ഭാരമുള്ള കരിങ്കല്ലാണ് മൃതദേഹത്തില്‍ കെട്ടിത്തൂക്കിയിരുന്നത്. ഉള്ളില്‍ വായു രൂപപ്പെട്ടതിനാല്‍ മൃതദേഹം പുഴയുടെ അടിത്തട്ടിലേക്കു താഴ്ന്നുപോയില്ല. വെള്ളത്തില്‍ പൊങ്ങിക്കിടന്നു. അതുകൊണ്ടു മാത്രമാണ് അരുംകൊല പുറംലോകം അറിഞ്ഞത്.
മധ്യവയസ്‌കരായ സ്ത്രീയും പുരുഷനുമാണ് സംഭവത്തിനു പിന്നിലെന്നു 2 ദിവസത്തിനുള്ളില്‍ പൊലീസ് കണ്ടെത്തി. മൃതദേഹം പൊതിഞ്ഞ വരയന്‍ പുതപ്പും പ്ലാസ്റ്റിക് കയറും കളമശേരിയിലെ 2 കടകളില്‍ നിന്നു വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പുതപ്പിലുണ്ടായിരുന്ന ടാഗിലെ ബാര്‍ കോഡും കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാരി നല്‍കിയ വിവരങ്ങളുമാണ് കട കണ്ടെത്താന്‍ സഹായകമായത്. മൃതദേഹം കടത്തിയ കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല. കൊല്ലപ്പെട്ടതു വടക്കുകിഴക്കന്‍ സംസ്ഥാനക്കാരിയാണെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments