ചണ്ഡീഗഢ് : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തോറ്റിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും , പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയുമായ സാധു സിംഗ് ധരംസോട്ട്.’ നേരത്തേ തങ്ങള്‍ക്ക് പൂജ്യമായിരുന്നു. ഇപ്പോഴും പൂജ്യമാണ്.അതുകൊണ്ട് ഇത് ഞങ്ങളുടെ തോല്‍വി അല്ല. ഇത് ബിജെപിയുടെ പരാജയമാണ്’- സാധു സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2015 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചില്ല. ഇത്തവണയും അങ്ങനെ തന്നെ. അങ്ങനെ നോക്കിയാല്‍ തങ്ങള്‍ എങ്ങനെയാണ് പരാജയപ്പെടുക . ഡല്‍ഹിയില്‍ പരാജയപ്പെട്ടത് ബിജെപിയാണ് .
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 70 സീറ്റുകളുളള ഡല്‍ഹി നിയമസഭയില്‍ 62 സീറ്റുകള്‍ നേടിയാണ് ആംആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയത്. കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയമാണ് ഏറ്റുവാങ്ങിയത്. 66 ഇടത്തു മത്സരിച്ചപ്പോൾ 63 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടി വച്ച പണം നഷ്ടപ്പെട്ടത്.ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കാനായില്ല.
ഇതോടെ ഡൽഹി കോൺഗ്രസ്സ് അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെക്കുകയും ചെയ്തിരുന്നു. ആം ആദ്മിപാര്‍ട്ടി വന്‍ വിജയം സ്വന്തമാക്കിയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു സീറ്റുപോലും നേടാനായില്ല. വോട്ട് വിഹിതവും കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ തവണ 9.7 ശതമാനം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ ലഭിച്ചത് 4.27 ശതമാനം വോട്ടുമാത്രമായിരുന്നു.
ഷീല ദീക്ഷിതിന് ശേഷം ഡല്‍ഹി കോണ്‍ഗ്രസിന്റെ ചുമതലയേറ്റെടുത്തത് സുഭാഷ് ചോപ്രയായിരുന്നു. എന്നാല്‍ പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നതില്‍ സുഭാഷ് ചോപ്രയും പരാജയപ്പെട്ടു. നേതൃത്വത്തിനുള്ളിലെ തമ്മിലടി നിയന്ത്രിക്കാന്‍ ദേശീയ നേതൃത്വം ശ്രമിച്ചിട്ട് പോലും സാധിക്കാതിരിന്നതും കോണ്‍ഗ്രസിന് തിരിച്ചടിയായി.
Post Your Comments