Latest NewsIndia

ആപ്പിന്റെ വിജയം മൃദുഹിന്ദുത്വത്തിലൂടെ

അരവിന്ദ് കെജ്‌രിവാളിന്റെ മൗനം തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന് കാരണവും . ബാലക്കോട്ട് മുതൽ കശ്മീർ വരെയുള്ള വിഷയങ്ങളിൽ തൊട്ടാൽ ഹൈന്ദവതക്ക് മുറിവേൽക്കുമെന്നുള്ളത് കൊണ്ട് തന്നെ അതിൽ ഒന്നും വ്യക്തമായ അബ്‌ഭിപ്രായം പറയാതെ മാറി നിന്നു. വിവാദങ്ങളില്‍നിന്നും കോലാഹലങ്ങളില്‍നിന്നും അദ്ദേഹം കൃത്യമായ അകലം പാലിച്ചു. ആം ആദ്‌മി പാര്‍ട്ടിയെ ന്യൂനപക്ഷ പാര്‍ട്ടിയായി ജനങ്ങൾ കാണാൻ തയാറായപ്പോള്‍ ഇത് അപകടകരമായ അവസ്ഥയാകുമെന്നു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞ കെജ്‌രിവാള്‍ മൗനത്തിലൂടെയാണ്‌ മറുപടി നല്‍കിയത്‌.

പൗരത്വ നിയമം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ്‌ ക്രിമിനല്‍ കുറ്റമാക്കിയത്‌, ബാലക്കോട്ട്‌ വ്യോമാക്രമണം എന്നീ സെന്‍സിറ്റീവ്‌ വിഷയങ്ങളില്‍ കെജ്‌രിവാള്‍ മൗനം പൂണ്ടു.പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ തീവ്ര ഹിന്ദു നിലപാടിലേക്കു ബി.ജെ.പി. നീങ്ങിയപ്പോള്‍ താനും ഒരു ഹിന്ദു മതവിശ്വാസിയാണെന്നു തെളിയിക്കാന്‍ കെജ്‌രിവാളിനായി.

താനൊരു മുസ്ലീം അനുകൂല നേതാവല്ല, ദേശീയതയുള്ള രാജ്യത്തെ അനുകൂലിക്കുന്ന നേതാവാണെന്നും അദ്ദേഹം ജനങ്ങളില്‍ തോന്നലുണ്ടാക്കി.ഹനുമാന്‍ ചാലിസ ചൊല്ലിയും ചുവന്ന കുറി അണിഞ്ഞും ക്ഷേത്ര ദര്‍ശനം നടത്തിയും കെജ്‌രിവാള്‍ അവസാന നാളുകളിൽ പ്രചാരണം നടത്തി.തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനുശേഷം, ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍, ‘ഭാരത് മാതാ കീ ജയ്,വന്ദേമാതരം’ എന്ന മുദ്രാവാക്യം മുഴക്കിയാണ് കെജ്രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

വോട്ടെണ്ണലിനു പിന്നാലെ കൊണാട്ട്‌ പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ എത്താനും മറന്നില്ല കെജ്‌രിവാൾ . ഭാര്യയ്‌ക്കും മക്കള്‍ക്കും പുറമേ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. രാജ്യത്തിന്റെയും ഡല്‍ഹിയുടെയും ക്ഷേമൈശ്വര്യത്തിനു ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹംതേടുകയായിരുന്നു ദര്‍ശനത്തിലൂടെ ലക്ഷ്യമിട്ടതെന്ന്‌ കെജ്‌രിവാള്‍ പിന്നീടു പറഞ്ഞു. ഇതാദ്യമായല്ല കെജ്‌രിവാള്‍ കൊണാട്ട്‌ പ്ലേസിലെ ക്ഷേത്രത്തിലെത്തുന്നത്‌. വോട്ടെടുപ്പിനു തലേദിവസവും അദ്ദേഹം ഹനുമാന്‍ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

ചുരുക്കത്തില്‍, കെജ്രിവാള്‍ ജയിച്ചത് കടുത്ത മല്‍സരത്തിന് ശേഷമാണ് എങ്കിലും അതില്‍ ഇപ്പോള്‍ ഇന്ത്യയെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ വികാരം ഉണ്ടെന്ന് കാണുന്നത് ഒരു ആഗ്രഹ ചിന്ത മാത്രമായിരിക്കും. കാരണം ആ വിഷയം ചര്‍ച്ച ചെയ്യാന്‍ ബോധപൂര്‍വം തയ്യാറാകാതിരുന്ന, അതിനെ വളരെ ശക്തമായി എതിര്‍ക്കാതിരുന്ന, ആ വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ ബുദ്ധിപൂര്‍വം പരിശ്രമിച്ച ഒരു പാര്‍ട്ടിയുടെ സ്വന്തം നിലയിലുള്ള വിജയം മാത്രമാണ്. അതില്‍ ബിജെപി തോറ്റു അത്രമാത്രം.

ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് സ്വാധീനം കൂടുന്നുവെന്നൊന്നും വായിച്ചെടുക്കാന്‍ അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്ന് സാധിക്കില്ലെന്ന് തോന്നുന്നു.ത്രികോണ മല്‍സരം നടന്നിരുന്നുവെങ്കില്‍ അത് ആം ആ്ദ്മി പാര്‍ട്ടിക്ക് ചിലപ്പോള്‍ ദോഷകരമായി മാറിയേനെ. അതില്‍നിന്ന് അവരെ രക്ഷിച്ചത് മുസ്ലീങ്ങളുടെ കോണ്‍ഗ്രസിനെ കൈയൊഴിയാനുള്ള തീരുമാനം കൂടിയാകണം.വിവിധ വിഷയങ്ങളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളെ സംബന്ധിച്ച്‌ സംശയാസ്പദമായ നിലപാട് സ്വീകരിക്കുമ്പോഴും മുസ്ലീങ്ങള്‍ സ്വീകരിച്ച രാഷ്ട്രീയ സമീപനം കൊണ്ടുകുടിയാണ് കെജ്രിവാളിന് ഇത്ര വലിയ ജയം സാധ്യമായത്.

ഇതുകൂടാതെ സ്ഥിരമായി കോൺഗ്രസിന് വോട്ടു ചെയ്തിരുന്ന ഒരു വലിയ വിഭാഗം കോണ്‍ഗ്രസിനെ പൂര്‍ണമായി കൈയൊഴിയുകയും കെജ്രിവാളിന് പിന്നില്‍ അണിനിരക്കുകയും ചെയ്തു. ബിജെപിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയെന്നതാണ് കഴിഞ്ഞ കുറേക്കാലത്തെ ബിജെപി വിരുദ്ധരുടെ സ്വഭാവം. ഇത് തന്നെയാണ് കെജ്‌രിവാളിന് തുണയായതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button