
ന്യൂഡൽഹി: സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആം ആദ്മി എംഎൽഎയായി മാറിയിരിക്കുകയാണ് രജീന്ദർ നഗറിലെ രാഘവ് ഛദ്ദ. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ അഭിപ്രായ സർവേകളിൽ ‘സ്ഥാനാർത്ഥികളിലെ സുന്ദരൻ’ എന്നായിരുന്നു ഛദ്ദയെക്കുറിച്ചുള്ള വിലയിരുത്തൽ.
ചാർട്ടേഡ് അക്കൗണ്ടന്റാണ് ഈ മുപ്പത്തൊന്നുകാരൻ. 20,000 വോട്ടുകൾക്കാണ് ഇദ്ദേഹം മുതിർന്ന ബിജെപി നേതാവ് സർദാർ ആർ പി സിംഗിനെ തോൽപ്പിച്ചത്. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും രാഘവിനെ വലിയൊരു ആരാധികാവൃന്ദം തന്നെ പിന്തുടരുന്നുണ്ട്. അടുത്തിടെ ഒരു പെൺകുട്ടി ഛദ്ദയെ വിവാഹം ചെയ്യണമെന്ന് ട്വിറ്ററിൽ ടാഗ് ചെയ്തുകൊണ്ട് ആവശ്യപ്പെട്ട വാർത്ത വൈറലായിരുന്നു. എന്നാൽ സാമ്പത്തിക നില ഇപ്പോൾ നല്ലതല്ലെന്നും അതിനാൽ വിവാഹത്തിന് യോജിച്ച സമയമല്ലെന്നും ഛദ്ദ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 12 ഓളം വിവാഹ അഭ്യർത്ഥനകളാണ് ഈ യുവസുന്ദരനെ തേടിയെത്തിയതെന്ന് ഇദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമവൃത്തങ്ങൾ പറയുന്നു.
സ്‌കൂളിൽ പ്രചാരണത്തിന് ചെന്നപ്പോൾ അധ്യാപിക തനിക്ക് മകളുണ്ടായിരുന്നെങ്കിൽ ഛദ്ദയ്ക്ക് വിവാഹമാലോചിച്ചേനേ എന്ന് പറഞ്ഞു. വിവാഹം കഴിക്കരുതേ, ചങ്ക് പൊട്ടിപ്പോകുമെന്നാണ് മറ്റൊരു പെൺകുട്ടി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ഇൻസ്റ്റഗ്രാമിലും ഇദ്ദേഹത്തിന് യുവതികളുടെ സന്ദേശങ്ങളുടെ ഘോഷയാത്രയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാറില്ലെങ്കിലും ഡൽഹിയിലുള്ള സ്ത്രീകളോട് വോട്ട് ചെയ്യാനാണ് പറഞ്ഞുകൊണ്ടിരുന്നതെന്ന് ഛദ്ദയുടെ സോഷ്യൽ മീഡിയ മാനേജർ വ്യക്തമാക്കി.
Post Your Comments