ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന്‍ വിജയ്‌യിനെ ചെന്നൈയിലേക്ക് കൊണ്ടുപോകുമെന്ന് സൂചന. കടലൂരില്‍ ഒരു സിനിമാ ചിത്രീകരണ സെറ്റില്‍ വച്ചാണ് നടനെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. വിജയിയുടെ ‘ബിഗില്‍’ എന്ന സിനിമയുടെ നിര്‍മാതാക്കളാണ് എ.ജി.എസ്.ഫിലിംസ്. ‘മാസ്റ്റര്‍’ എന്ന് പേരിട്ട സിനിമയുടെ ഷൂട്ടിംഗ് സൈറ്റില്‍ നിന്നാണ് താരത്തെ കസ്റ്റഡിയിലെടുത്തത്.
എ.ജി.എസ് കമ്പനിയുമായി നടത്തിയ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് ലഭിക്കുന്ന വിവരം. ബിഗില്‍ സിനിമയുടെ നിര്‍മാണ കമ്പനി ഓഫിസില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനു തൊട്ടുപിന്നാലെയാണ് താരത്തെ ചോദ്യം ചെയ്തത്. ചെന്നൈ സാലിഗ്രാമത്തിലും നീലാങ്കരയിലുമുള്ള വിജയുടെ വീടുകളിലും റെയ്ഡ് തുടരുകയാണ്.
മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിനിമാ നിര്‍മാതാവ് അന്‍പിന്റെ വീട്ടിലും ആദായനികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. എ.ജി.എസ് സിനിമാസുമായി ബന്ധപ്പെട്ട് 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിരുന്നു. കൂടാതെ സിനിമ മേഖലയിലെ പല പ്രമുഖരുടെ വീട്ടിലും റെയ്ഡ് നടക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്.
Post Your Comments