മാസങ്ങള്‍ക്കു മുന്‍പ് സെക്‌സ്‌റാക്കറ്റിലെ യുവതി ഭീഷണിപ്പെടുത്തി എന്നുപറഞ്ഞു പുറത്തുവന്ന വാര്‍ത്തയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് ഈ അടുത്ത സമയത്താണ്. പാവക്കുളത്തെ ക്ഷേത്രത്തിൽ പൗരത്വ ബില്ലിനോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ യുവതി അതിക്രമിച്ചു കടന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ പലരും അതെ യുവതിയെ ആണ് മാസങ്ങൾക്ക് മുൻപ് സെക്സ് റാക്കറ്റിൽ വിലപേശിയത് എന്ന തരത്തിൽ പോസ്റ്റുകൾ വൈറൽ ആയിരുന്നു. ഇരുവരുടെയും മുഖ സാദൃശ്യമാണ് ഈ പ്രചാരണത്തിന് കാരണം.
എന്നാൽ അന്നത്തെ വീഡിയോയുടെ ഒരുഭാഗമേ ചര്‍ച്ചയായുള്ളൂ എന്നാണ് യുവതി പറയുന്നത്. എന്തായിരുന്നു സത്യമെന്ന് പറയാന്‍ രംഗത്തുവന്നിരിക്കുകയാണ് വൈപ്പിന്‍ സ്വദേശി ക്രിസ്റ്റി എവേര്‍ട്ട്. ഫാൽക്കൺ പോസ്റ്റ് എന്ന ഓൺലൈൻ മാധ്യമം ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഭിന്നശേഷിക്കാരനായ മകന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്കു വന്ന കോളുകള്‍, മെസേജുകള്‍.. എല്ലാം അശ്ലീലം.അവര്‍ക്ക് അറിയേണ്ടത് റേറ്റ് ആയിരുന്നു. മകന്റെ നമ്പരാന്ന് ഒരുത്തനോട് എത്ര പറഞ്ഞിട്ടും വിളി നിര്‍ത്തുന്നില്ല. പിന്നീട് അവനൊരു പണികൊടുക്കാമെന്ന് കരുതി 25,000 രൂപയാണ് റേറ്റ് എന്നു പറഞ്ഞു.
പൈസയിട്ടിട്ട് നീ വിളിക്കെന്ന് പറഞ്ഞു.ഇല്ലെങ്കില്‍ നിന്റെ വീട്ടില്‍ കയറിപ്പണിയുമെന്ന് മനപ്പൂര്‍വ്വം തന്നെ പറഞ്ഞതാണെന്ന് യുവതി വിശദീകരിക്കുന്നു. എന്നാല്‍, അത് തിരിച്ച് വലിയ പണിയായി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പുറത്ത് അതിലും വലിയ തിരക്കഥയൊരുങ്ങുന്നത് മനസ്സിലാക്കാനായില്ലെന്നും യുവതി പറയുന്നു. ഗര്‍ഭിണിയായിരിക്കെ ഒരുവര്‍ഷം മുന്‍പ് അദ്ദേഹവുമായി പിരിയേണ്ടി വന്നു. പിരിയുമ്പോള്‍ 14 വയസ്സുള്ള ഭിന്നശേഷിക്കാരനായ ഒരു മകനാണ് കൂടെയുണ്ടായിരുന്നത്. ഇപ്പോള്‍ മകളുണ്ട് കൂടെ. വീട്ടുകാരൊന്നും കൂടെയില്ല. ജീവിതത്തില്‍ ഒറ്റയ്ക്കാകുന്ന യുവതികളെ സഹായിക്കാന്‍ ആളുകളുടെ ബഹളമാണ്.
ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മുതല്‍ പഴയ കൂട്ടുകാര്‍ പോലും കാണുന്നത് മറ്റൊരു കണ്ണുകൊണ്ട്. അത്തരത്തില്‍ വന്ന ഒരുത്തനെ പിണക്കിയതിന്റെ ഫലമാണ് പിന്നെ സംഭവിച്ചതെല്ലാമെന്ന് ക്രിസ്റ്റ് എവേര്‍ട്ട് തുറന്നുപറയുന്നു.വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഫെയ്‌സ്ബുക് അക്കൗണ്ടാണെന്ന് ക്രിസ്റ്റി പറയുന്നു. കൂടെ ഭര്‍ത്താവുള്ളപ്പോള്‍ എന്തു പേടിക്കാന്‍. ഇഷ്ടം പോലെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതൊക്കെയാണ് പലരും പിന്നീട് ദുരുപയോഗം ചെയ്തത്.ഒരുത്തനുമായി പിണങ്ങേണ്ടി വന്ന് അധിക ദിവസങ്ങള്‍ കഴിഞ്ഞില്ല, മകന്‍ ഉപയോഗിച്ചു കൊണ്ടിരുന്ന ഫോണിലേക്കു വിളികള്‍ വന്നു തുടങ്ങി.
ആദ്യം അവനെയാണു വഴക്കു പറഞ്ഞത്; കണ്ട കൂട്ടുകാര്‍ക്കൊക്കെ നമ്പര്‍ കൊടുത്തിട്ടല്ലേ എന്നു ചോദിച്ച്. അവനാണെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലാതെ പറ്റില്ല. ഒന്നുകില്‍ വാട്‌സാപ്പില്‍ മെസേജ് അയയ്ക്കണം, അല്ലെങ്കില്‍ വിഡിയോ കോളില്‍ വരണം. സംസാരിക്കാന്‍ സാധിക്കാത്തതുകൊണ്ട് അവനോട് അങ്ങനെയാണ് കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്.വിളിക്കുന്നവരോടു സംസാരിച്ചപ്പോഴാണ് അവര്‍ പറയുന്നത്, ആ നമ്പര്‍ ആരോ ഒരു ഡേറ്റിങ് സൈറ്റില്‍ കൊച്ചിയിലെ സുന്ദരികളുടെ പട്ടികയില്‍ ആഡ് ചെയ്തിട്ടുണ്ടെന്ന്. പലര്‍ക്കും കാര്യം പറഞ്ഞപ്പോള്‍ മനസ്സിലായി.
ആരാണ് ഇതു ചെയ്തതെന്ന് അറിയാമായിരുന്നതിനാല്‍ അന്നു തന്നെ പൊലീസില്‍ പരാതി നല്‍കി. സൈബര്‍ പൊലീസിലും പരാതി നല്‍കിയിട്ടും ഇന്നു വരെ പ്രതിയെ കണ്ടെത്താനോ പിടികൂടാനോ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ക്രിസ്റ്റി പറയുന്നു. സംശയിക്കുന്ന ആള്‍ വിദേശത്താണെന്നും അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാന്‍ സാധിക്കില്ല എന്നുമെല്ലാം മുട്ടുന്യായങ്ങള്‍ നിരത്തി പൊലീസ്. ശബ്ദമില്ലാത്ത മകന്റെ കൂട്ടുകാര്‍ വിളിക്കുന്ന നമ്പരായതിനാല്‍ നമ്പര്‍ മാറ്റാനും അവന്‍ സമ്മതിച്ചില്ല.അങ്ങനെയിരിക്കയാണ് ഒരുത്തന്‍ വിളിച്ച് റേറ്റ് ചോദിക്കുന്നത്. കാര്യങ്ങള്‍ എത്ര പറഞ്ഞിട്ടും അയാള്‍ സമ്മതിക്കുന്നില്ല.
ഇതോടെയാണ്, ഒരു ഭാര്യയുണ്ടായിട്ടും തന്നെ ഇങ്ങനെ ഉപദ്രവിക്കുന്ന ഒരാളെ ഒരു പാഠം പഠിപ്പിക്കാമെന്ന് തീരുമാനിച്ചത്. അവന്റെ വിവരങ്ങളെല്ലാം എടുത്തു, വീട്ടുകാരുടേത് ഉള്‍പ്പടെ. ഭാര്യയോട് കാര്യങ്ങള്‍ പറയാമെന്നാണ് വിചാരിച്ചത്. പക്ഷേ ഇതേ കാരണംകൊണ്ടു ജീവിതം നഷ്ടപ്പെട്ട ഒരാളെന്ന നിലയില്‍ ഒരിക്കലും അവരെ ഉപദ്രവിക്കണമെന്നു വിചാരിച്ചിട്ടില്ല. പക്ഷേ ഫോണില്‍ വിളിച്ചപ്പോള്‍ ഭാര്യയോട് പറയുമെന്നു പറഞ്ഞു. ആ ഓഡിയോ ഉപയോഗിച്ചാണ് താന്‍ ഭീഷണിപ്പെടുത്തി എന്നു പറഞ്ഞ് വാര്‍ത്തകള്‍ വന്നത്.ഓഡിയോയില്‍ നല്ലൊരു ഭാഗം കൂട്ടിച്ചേര്‍ത്തതാണെന്നാണ് ക്രിസ്റ്റിയുടെ വാദം.
താന്‍ സെക്‌സ്‌റാക്കറ്റില്‍ പെട്ട ആളാണെന്നും യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നും വാര്‍ത്ത വന്നതോടെ മാനസികമായി തകര്‍ന്നെന്ന് ക്രിസ്റ്റി പറയുന്നു. മൂന്നാഴ്ച, മനസ്സ് കൈവിട്ട് വീട്ടിലെ ഒരു മുറിയില്‍ ഒരു പെട്ടിയില്‍ കയറിയിരുന്നു. അത്യാവശ്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങി. വീട്ടില്‍ ഒരു ചേച്ചി സഹായത്തിനുണ്ടായിരുന്നതിനാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കി. ലോകത്ത് എല്ലാവരും തന്നെ ഉപേക്ഷിച്ചു. അടുപ്പം കാണിച്ചിരുന്ന കൂട്ടുകാര്‍ പോലും ഉപേക്ഷിച്ചു. അപ്പോഴും കൂടെ നിന്നത് ആ ചേച്ചി മാത്രമാണ്.
‘എനിക്ക് അവളെ അറിയാം, ഒറ്റയ്ക്ക് അവള്‍ അനുഭവിക്കുന്നത് ഞാന്‍ കാണുന്നതല്ലേ’ എന്നു പറഞ്ഞാണ് അവര്‍ കൂടെ നിന്നത്.വിളിച്ചിരുന്നയാള്‍ ഇതിനകം തന്നെ ചില ഓണ്‍ലൈന്‍ പത്രക്കാരുമായി വാര്‍ത്ത കൊടുക്കാന്‍ ധാരണയാക്കിയിരുന്നു. അതിനു വേണ്ടി പരമാവധി പ്രകോപിപ്പിക്കുകയായിരുന്നു അയാളെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. റിപ്പോര്‍ട്ടറുടെ നിര്‍ദേശമനുസരിച്ചാണ് അയാള്‍ സംസാരിച്ചതെന്നാണ് പിന്നീട് മനസ്സിലായത്’ഇന്ന് ഈ കാണിക്കുന്ന തന്റേടം അന്നു കാണിച്ചിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും എല്ലാം പ്രചരിച്ച ചിത്രങ്ങളില്‍ ഒരു സ്‌കൂട്ടറുണ്ടായിരുന്നു.
ആ സ്‌കൂട്ടറുമായി എങ്ങും പോകാന്‍ പറ്റാത്ത അവസ്ഥയായി. സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കി എംവിഐയുടെ സൈറ്റില്‍ കയറി പേരും വിവരങ്ങളും എടുക്കും. ആ പേര് ഫെയ്‌സ്ബുക്കില്‍ തിരഞ്ഞ് ബാക്കി വിവരങ്ങളും ഫോട്ടോയും എടുക്കും. ഇത് സഹിക്കാന്‍ വയ്യാതെയാണ് സ്‌കൂട്ടര്‍ വിറ്റത്. താമസിച്ചിരുന്ന വീടിന്റെ ഗേറ്റ് ഫോട്ടോയിലൂടെ നാട്ടുകാര്‍ക്ക് പരിചിതമായെന്ന് വീട്ടുടമയ്ക്ക് പരാതി. ഒടുവില്‍ വീടും മാറേണ്ടി വന്നു. ഈ സമയം ഒരു പ്രമുഖ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനാവാതെ ജോലി ഉപേക്ഷിച്ചു. ആളുകള്‍ ഫോണില്‍ നോക്കി തന്നെ നോക്കുന്നതു പോലെ തോന്നിത്തുടങ്ങി.
മാനസികമായി ആകെ സമ്മര്‍ദത്തില്‍. തനിക്കെതിരെ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ഒരു അന്വേഷണവുമുണ്ടായില്ല. താന്‍ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ നടപടി എടുക്കാന്‍ ഒരു തവണ വിളിച്ചതൊഴികെ മറ്റൊന്നും സംഭവിച്ചില്ല. പക്ഷേ വാര്‍ത്ത വന്നതോടെ ഡേറ്റിങ് സൈറ്റില്‍ നിന്ന് നമ്പര്‍ അപ്രത്യക്ഷമായത് നേട്ടമായി. അന്ന് ഡീആക്ടിവേറ്റ് ചെയ്തതാണ് ഫേസ്‌ബുക്ക്. ഇപ്പോള്‍ വീണ്ടും എന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു എന്നറിഞ്ഞാണ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുന്നത്. അല്ലെങ്കിലും ഞാനാരെയാണ് പേടിച്ച് ഓടണ്ടത് എന്നു പറഞ്ഞു ധൈര്യം തന്നതും ചില സുഹൃത്തുക്കളാണ്.
പക്ഷേ ഇപ്പോള്‍ ഞാനൊരു ആക്ടിവിസ്റ്റാണ് എന്ന മട്ടിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അറിയുന്ന പലരും സ്‌ക്രീന്‍ഷോട്ട് അയച്ചു തന്നപ്പോഴാണ് ആദ്യം അറിയുന്നത്. പുറത്തിറങ്ങിയാല്‍ ആരെങ്കിലും പിടിച്ച് ഇടിക്കുമോ എന്ന് പേടിക്കണ്ട അവസ്ഥ. ഇതോടെയാണ് വീണ്ടും പൊലീസില്‍ പരാതിയുമായെത്തിയത്. സൈബര്‍ പൊലീസില്‍നിന്ന് നേരത്തെ ഉള്ള അനുഭവം അറിയുന്നതിനാല്‍ ഡിസിപിക്ക് പരാതി കൊടുത്തു. ഇതുവരെയും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നതില്‍ അദ്ഭുതമില്ല എന്നും ക്രിസ്റ്റി ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. കടപ്പാട്: ഫാൽക്കൺ പോസ്റ്റ്
Post Your Comments