കോഴിക്കോട്: കഴിഞ്ഞ മാസം മലപ്പുറത്ത് പെരിന്തല്‍മണ്ണ എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിന് ഇടയില്‍ കുഴഞ്ഞുവീണ് മരിച്ച കേരള ഫുട്ബോള്‍ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരമായ സുനില്‍ ഛേത്രിയും മുന്‍താരം ഐഎം വിജയനും രംഗത്ത്. ധനരാജിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഗോകുലം കേരള എഫ്സിയുടെ തീരുമാനത്തെ പിന്തുണച്ചാണ് ഇരുവരും രംഗത്തെത്തിയിരിക്കുന്നത്.
ഐ-ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരായ മത്സരത്തിലെ ടിക്കറ്റ് വരുമാനം ധനരാജിന്റെ കുടുംബത്തിന് നല്‍കുമെന്ന് ഗോകുലം കേരള എഫ്സി നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗോകുലം കേരളയും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മിലുള്ള മത്സരത്തിലെ 220 ടിക്കറ്റുകള്‍ ഒരുമിച്ചുവാങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. അതേസമയം മത്സരത്തിലെ 250 ടിക്കറ്റുകളാണ് മുന്‍ ഇന്ത്യന്‍ താരമായ ഐ.എം വിജയന്‍ വാങ്ങിയത്. സുനില്‍ ഛേത്രി വാങ്ങിയ ടിക്കറ്റുകള്‍ സമീപത്തുള്ള അക്കാദമിയിലെ കുട്ടികള്‍ക്ക് നല്‍കണമെന്ന് താരം അറിയിച്ചിട്ടുണ്ട്. സൗജന്യ ടിക്കറ്റുകള്‍ നല്‍കാതെ പരമാവധി തുക സമാഹരിക്കാനാണ് ഗോകുലത്തിന്റെ തീരുമാനം. 40,000 പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള സ്റ്റേഡിയത്തില്‍ മൂവായിരത്തിലധികം ടിക്കറ്റുകള്‍ ഇതിനോടകം വിറ്റുപോയി.
നേരത്തെ ധന്‍രാജിന്റെ കുടുംബത്തെ സഹായിക്കാനായി പാലക്കാട് നടത്താനിരുന്ന സൗഹൃദ ഫുട്ബോള്‍ മത്സരം താല്‍ക്കാലിക ഗ്യാലറി തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ച ധനരാജ് ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും മുഹമ്മദന്‍സിനു വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.
Post Your Comments