Latest NewsFootballNewsSports

ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍ ; വോള്‍വ്‌സും മുട്ടുമടക്കി

പ്രീമിയര്‍ ലീഗില്‍ ക്ലോപ്പിന്റെ ചെകുത്താന്മാരുടെ വിജയക്കുതിപ്പ് തടയാന്‍ സാന്റോയുടെ വോള്‍വ്‌സിനും ആയില്ല. എന്നും വലിയ ടീമുകളോട് മികവ് പുലര്‍ത്തുന്നവരാണ് വോള്‍വ്‌സ്. എന്നാല്‍ ഇന്ന് ലിവര്‍പൂളിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു ലിവര്‍പൂളിന്റെ വിജയം. വോള്‍വ്‌സിന്റെ തട്ടകത്തിലായിരുന്നു മത്സരം. ഇതോടെ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ 14 മത്തെ ജയം ആണ് ലിവര്‍പൂള്‍ സ്വന്തമാക്കിയത് കൂടാതെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പരാജയമറിയാതെ കളിച്ച രണ്ടാമത്തെ ടീമെന്ന റെക്കോര്‍ഡില്‍ ചെല്‍സിക്ക് ഒപ്പവും ക്ലോപ്പിന്റെ ടീം എത്തി.

നിലവില്‍ അവസാനം കളിച്ച 40 മത്സരങ്ങളില്‍ ലിവര്‍പൂള്‍ പരാജയം അറിഞ്ഞിട്ടില്ല. നിലവില്‍ 49 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കളിച്ച ആഴ്‌സണല്‍ ആണ് ലിവര്‍പൂളിനു മുന്നിലുള്ള ഏക ടീം. ഈ വിജയത്തോടെ 23 കളികളില്‍ നിന്നും 22 വിജയവുമായി ലിവര്‍പൂളിന് 67 പോയിന്റുകള്‍ ആണ് ഉള്ളത്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 16 പോയിന്റുകള്‍ അധികം. സിറ്റിയാകട്ടെ ലിവര്‍പൂളിനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ചിട്ടുണ്ട്.

8-ാം മിനിറ്റില്‍ അലക്സാണ്ടര്‍ അര്‍ണോള്‍ഡിന്റെ കോര്‍ണറില്‍ തല വെച്ച് ലിവര്‍പൂള്‍ നായകന്‍ ഹെന്റേഴ്‌സനാണ് ആദ്യഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ വോള്‍വ്‌സ് കൂടുതല്‍ ഉണര്‍ന്നു കളിച്ചു. 51-ാം മിനിറ്റില്‍ വോള്‍വ്‌സ് സമനില ഗോള്‍ കണ്ടെത്തി. വലത് വിങില്‍ നിന്ന് ട്രോറെറ കൊടുത്ത ക്രോസില്‍ ഹെഡ് ചെയ്ത് റൗള്‍ ഹിമനെസ് ആണ് വോള്‍വ്‌സിന് സമനില ഗോള്‍ നേടികൊടുത്തത്. 84-ാം മിനിറ്റില്‍ ഹെന്റേഴ്‌സന്റെ പാസില്‍ ഫിര്‍മിനോയുടെ കിടിലന്‍ ഗോള്‍ പിറന്നതോടെ വോള്‍വ്‌സ് പരാജയം സമ്മതിക്കേണ്ടി വന്നു. ഇതിനിടെ ലിവര്‍പൂള്‍ ഗോള്‍ മുഖത്ത് വോള്‍വ്‌സ് നിരന്തരം അക്രമണം അഴിച്ചുവിട്ടെങ്കിലും അലിസണ്‍ എല്ലാം നിഷ്പ്രഭമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button