തിരുവനന്തപുരം: സർക്കാരുമായുള്ള തർക്കത്തിൽ നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാ വിദഗ്ദരുമായി ഗവർണർ ചർച്ച നടത്തി. സുപ്രീംകോടതി വിധികളെ കുറിച്ചും അദേഹം വിശദമായി ചർച്ച ചെയ്തു. സർക്കാരിനെതിരെ എന്തെങ്കിലും തരത്തിലുള്ള നിയമ നടപടിക്ക് സാധ്യതയെ കുറിച്ചാണ് ഗവർണർ പരിശോധിക്കുന്നത്. തർക്കത്തിൽ നിന്നും താൻ പിന്മാറില്ലെന്നും നിയമത്തിന്‍റെ വഴിക്ക് നീങ്ങാനാണ് ഉദേശിക്കുന്നതെന്നും വ്യക്തമാക്കുകയാണ് ഗവർണർ. നേരത്തെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഗവർണറുടെ നടപടികളെ എതിർത്തിരുന്നു. പൗരത്വ വിഷയത്തിൽ അടക്കം സർക്കാരും ഗവർണറും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിവെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെയ്ക്കാതെ വിശദീകരണം ചോദിച്ചതും തർക്കം രൂക്ഷമാക്കി.
മുഖ്യമന്ത്രിയും സിപിഎമ്മും പ്രസ്താവനകളിൽ ഗവർണറെ കടന്നാക്രമിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതാക്കളും ഗവർണർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ബിജെപിയുടെ പിന്തുണ മാത്രമാണ് നിലവിൽ ഗവർണർക്കുള്ളത്. എന്നാൽ ഒ. രാജഗോപാൽ എംഎൽഎ ആരിഫ് മുഹമ്മദ് ഖാന്‍റെ പരസ്യ പ്രസ്താവനകളെ അപലപിച്ച് രംഗത്ത് വന്നിരുന്നു. കേന്ദ്ര സർക്കാർ ഈ തർക്കത്തിൽ എന്തെങ്കിലും നിലപാട് സ്വീകരിക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യം.
Post Your Comments