ന്യൂഡല്‍ഹി: ഇന്ത്യന്‍ സേന കാത്തിരുന്ന അമേരിക്കന്‍ നിര്‍മ്മിത സിഗ്-716 റൈഫിളുകളെത്തി. മുന്‍നിര സൈനികര്‍ക്കാണ് പുതിയ റൈഫിളുകള്‍ ലഭിക്കുക. ഇതോടെ പാകിസ്താന്‍, ചൈന അതിര്‍ത്തിയിലെ സൈനികരുടെ നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമായിരിക്കുന്നത്.
1.3 മില്യണ്‍ സൈനികര്‍ക്ക് റഷ്യന്‍ നിര്‍മ്മിത അത്യാധുനിക കലാഷ്‌നിക്കോവ് തോക്കുകളും അധികം വൈകാതെ നല്‍കും. യു എസിൽ നിന്ന് 72,400 റൈഫിളുകള്‍ വാങ്ങാനായിരുന്നു കരാര്‍. ഇതില്‍ 10,000 റൈഫിളുകളാണ് നിലവില്‍ ലഭ്യമായിരിക്കുന്നത്.
638 കോടി രൂപ വിലമതിക്കുന്ന തോക്കുകളാണ് അമേരിക്കന്‍ കമ്പനിയായ സിഗ് സോയറില്‍ നിന്നും ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇന്ത്യ അമേരിക്കക്ക് തോക്കുകള്‍ വാങ്ങാനായി ഓര്‍ഡര്‍ നല്‍കിയിരുന്നത്. 7.62 x 51 എംഎം അസോള്‍ട്ട് റൈഫിളുകള്‍ക്ക് 500 മീറ്റര്‍ ദൂരപരിധിയാണുള്ളത്. 2020 ആദ്യത്തോടെ സിഗ്- 716 റൈഫിളുകളുടെ വിതരണം പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ പറഞ്ഞു.
നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ മാറ്റി കൂടുതല്‍ ആധുനികമായ റൈഫിളുകള്‍ വാങ്ങണമെന്ന് സൈന്യം ആവശ്യപ്പെട്ടിരുന്നു. കരസേനക്ക് 66,400 റൈഫിളുകളാണ് നല്‍കുക. 4000 റൈഫിളുകള്‍ വ്യോമസേനയ്ക്കും 2000 എണ്ണം നാവികസേനയ്ക്കും നല്‍കും.
Post Your Comments