ഹൈദരാബാദ്: കാണാതായ 26കാരിയായ മൃഗഡോക്ടറുടെ മൃതദേഹം കൊന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാന ഷാദ്ര്‍നഗര്‍ സ്വദേശിയായ പ്രിയങ്കാ റെഡ്ഡിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊല്ലൂരു താലൂക്ക് വെറ്ററിനറി ആശുപത്രിയിലെ ഡോക്ടറാണ് പ്രിയങ്ക. ബുധനാഴ്ച രാത്രിയിലാണ് പ്രിയങ്കയെ കാണാതാകുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടര്‍ പഞ്ചറായി. തുടര്‍ന്ന് സഹോദരി ഭവ്യയെ വിളിച്ച് വിവരമറിയിച്ചു. സമീപത്ത് നിരവധി ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അപരിചിതരായ ആളുകളുണ്ടെന്നും ഒറ്റയ്ക്ക് നില്‍ക്കാന്‍ പേടിയുള്ളതായും പ്രിയങ്ക പറഞ്ഞിരുന്നതായി ഭവ്യ പോലീസിനോട് പറഞ്ഞു.
കുറച്ച് ദൂരം പോയാല്‍ അവിടെ ടോള്‍ ഗേറ്റുണ്ടെന്നും ഭയമുണ്ടെങ്കില്‍ വാഹനം അവിടെ വച്ച് വീട്ടിലേക്ക് വരാനും സഹോദരി ഉപദേശിച്ചു. പിന്നീട് കുറച്ച് സമയം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയി. എന്നാല്‍, വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും പ്രിയങ്ക എത്തിയില്ല. തുടര്‍ന്ന് പ്രിയങ്കയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കത്തിച്ച നിലയില്‍ ഷാദ്നഗറിലെ പാലത്തിനു താഴെ നിന്ന് കണ്ടെത്തിയത്. പ്രിയങ്ക കഴുത്തിലണിഞ്ഞ ലോക്കറ്റ് തിരിച്ചറിഞ്ഞാണ് കൊല്ലപ്പെട്ടത് അവര്‍ തന്നെയെന്ന് കുടുംബം സ്ഥിതീകരിച്ചത്. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments