തിരുവനന്തപുരം: മാവോയിസ്റ്റ് – മുസ്ലീം തീവ്രവാദ ബന്ധം ആരോപിച്ചുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസംഗം അനാവശ്യ വിവാദമാക്കാനൊരുങ്ങി യുഡിഎഫ് നേതൃത്വം. പി മോഹനന്‍റെ പ്രസ്താവനയിൽ മുസ്ലിം വിരുദ്ധത ഉണ്ടെന്ന പ്രചരണമാണ് യുഡിഎഫ് നേതൃത്വം പ്രധാനമായും ഉന്നയിക്കുന്നത്. മാവോയിസ്റ്റുകൾക്ക് പിന്നിൽ ഇസ്ലാം തീവ്രവാദികൾ ആണെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയുടെ രാഷ്ട്രീയ സാധ്യതയാണ് പ്രതിപക്ഷം ആയുധമാക്കുന്നത്.
പ്രതിപക്ഷം ശക്തമായ പ്രചരണത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ വിവാദത്തിൽ ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട, പിന്നാലെ യുഎപിഎ അറസ്റ്റ്. രണ്ട് സംഭവങ്ങളിലും സംസ്ഥാന സർക്കാരിൻറെ നിലപാടിനൊപ്പം ആയിരുന്നു കേന്ദ്രസർക്കാരും ബിജെപി നേതൃത്വവും. ഇതാണ് നരേന്ദ്ര മോഡിയുടെ അജണ്ട കേരളത്തിലെ പിണറായി സർക്കാർ നടപ്പിലാക്കുന്നുവെന്ന പ്രചരണത്തിന് പിന്നിൽ. ഒടുവിൽ പി മോഹനന്റെ വിവാദപ്രസ്താവനയും എത്തിയതോടെ ബിജെപിയുടെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം സിപിഎമ്മിനെയും ചേർത്ത് പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷം.
ALSO READ: മുസ്ലീം തീവ്രവാദത്തിലെ സിപിഎം നിലപാട് ഇരട്ടത്താപ്പ് : വിമർശനവുമായി കെ സുരേന്ദ്രന്‍
അതേസമയം, സി പി എമ്മിനെ മുസ്ലിം വിരുദ്ധരായി ചിത്രീകരിച്ച് നടക്കുന്ന പ്രചരണത്തിന് രാഷ്ട്രീയ പ്രഹര ശേഷി ഏറെയുണ്ടെന്ന് പാർട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്. പ്രത്യേകിച്ച് പാർട്ടി പ്രവർത്തകർ യു എ പിഎ കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ. കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വിവാദ പ്രസ്താവനയിൽ കരുതലോടെയാണ് സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചത്. ജില്ലാ സെക്രട്ടറിയെ പൂർണ്ണമായി തള്ളുന്നില്ലെങ്കിലും മുസ്ലിം വിരുദ്ധം എന്നു തോന്നിക്കുന്ന പ്രസ്താവന തിരുത്തി തന്നെയാണ് സിപിഎം നേതാക്കൾ നിലപാട് എടുത്തിരിക്കുന്നത്.
Post Your Comments