ശബരിമല: ശബരിമലയിലേക്ക് പോകുന്ന യുവതികൾ അർബൻ നക്സലുകളെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശബരിമല കയറാൻ ആഗ്രഹിക്കുന്ന യുവതികൾ അരാജകവാദികളും നിരീശ്വരവാദികളുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ശബരിമല ദർശനത്തിന് ആഗ്രഹിക്കുന്ന യുവതികൾ ഭക്തരാണെന്ന് ഞാൻ കരുതുന്നില്ല. തങ്ങൾ ശബരിമല ക്ഷേത്രത്തിൽ പോയതായി ചരിത്രത്തിൽ അവർക്ക് അടയാളപ്പെടുത്തണം. ഇവർ യഥാർത്ഥത്തി ഭക്തരാണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്.”- മുരളീധരൻ പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിന് നട തുറന്ന ശേഷം മല ചവിട്ടാനെത്തിയ 10 യുവതികളെ പൊലീസ് പ്രായം പരിശോധിച്ച് തിരിച്ചയച്ചിരുന്നു. വിജയ വാഡയിൽ നിന്നെത്തിയ സംഘത്തെയാണ് പൊലീസ് തിരികെ അയച്ചത്. ആധാർ അടക്കമുള്ള രേഖകൾ പരിശോധിച്ച് ഇവർ 50 വയസ്സിനു മുകളിൽ ഉള്ളവരല്ലെന്ന് മനസ്സിലായതോടെ തിരിച്ചയക്കുകയായിരുന്നു എന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം. ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളെപ്പറ്റിയും പ്രായ പരിധിയെക്കുറിച്ചും പൊലീസ് ഇവരെ അറിയിക്കുകയും ഇവർ സ്വമേധയാ തിരികെ പോവുകയുമായിരുന്നു എന്നും പൊലീസ് പറഞ്ഞു..
Post Your Comments